Chiking
Latest News

നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: പി.സി.ജോര്‍ജിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം; പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരിക്കേല്‍പ്പിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ എംഎല്‍എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന്റെ നിര്‍ദേശം. പി.സി ജോര്‍ജിന്റെ മൊഴി എടുക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി. ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനത്തിലും പി.സി ജോര്‍ജ് നിരന്തരം നടത്തിയ പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരിക്കേല്‍പ്പിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഡയറക്ടര്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. പിസിയുടെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് വനിതാകമ്മീഷന് പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നിയമോപദേശം തേടിയതിനെ തുടര്‍ന്നാണ് വനിതാകമ്മീഷന്‍ കേസെടുക്കാന്‍ തീരുമാനിച്ചതും.

പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് വനിതാ കമ്മീഷന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചു ലീഗല്‍ ഓഫീസര്‍ വനിതാ കമ്മീഷന് നിയമോപദേശം നല്‍കിയത്. ‘ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പരാതി. ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏത് ആശുപത്രിയിലാണ് നടി ചികിത്സ തേടിയത്. ദിലീപ് നിരപരാധി’യെന്നുമാണ് പി.സി ജോര്‍ജ്‌ പറഞ്ഞത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം പിസി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുമെന്ന് പറഞ്ഞിരുന്നു. തെളിവുകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ച് പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. കൂടാതെ, ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നതായും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന് പി സി ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണ്. കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

Top