Chiking
Latest News

അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് ഹസ്സന്‍; കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന് ചെന്നിത്തല

Web Desk
Indian Telegram Android App Indian Telegram IOS App

തൊടുപുഴ: അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ രംഗത്തെത്തി. പദ്ധതി വേണ്ടെന്നാണ് കെപിസിസിയുടെ നിലപാട്. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെയും തന്റെയും നിലപാട് ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏകപക്ഷീയമായി നടപ്പാക്കുന്നത് ശരിയല്ലെന്നാണ് ഉമ്മന്‍ചാണ്ടി ഉദ്ദേശിച്ചത്. സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടുകളെ എതിര്‍ക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയുടേത്. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കേണ്ടത് സമവായ ചര്‍ച്ചകളിലൂടെ ആകണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടത്. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചര്‍ച്ച നടത്തി അഭിപ്രായ സമന്വയത്തോടെ മുന്നോട്ടു പോകണം. പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് സമവായ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരനും ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു.

അതിരപ്പിള്ളി പദ്ധതിയ്ക്ക് എതിരാണ് കോണ്‍ഗ്രസ് എന്നായിരുന്നു നേരത്തെ ചെന്നിത്തല നിയമസഭയില്‍ അടക്കം വ്യക്തമാക്കിയിരുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതമന്ത്രിയുമായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പദ്ധതി അങ്ങേയറ്റം ഗുണകരമാണെന്നാണ് അന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നത്.

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ യു ഡി എഫിന്റെ നിലപാടില്‍ വ്യത്യാസം വരുന്നത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതിനെ തുടര്‍ന്നാണ്. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി സഭയെ അറിയിച്ചപ്പോള്‍ തന്നെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച് സി പി ഐയും രംഗത്തെത്തിയിരുന്നു.

ഇതിനിടെ അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി എം.എം. മണി വീണ്ടും രംഗത്തെത്തി. ഇതുസംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതല്ലെന്നും പദ്ധതി സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ നിന്നും പ്രതിപക്ഷത്തു നിന്നും എതിര്‍പ്പുകള്‍ ശക്തമാകുന്നതിനിടെയാണ് മന്ത്രി നിലപാട് ആവര്‍ത്തിച്ചത്.

Top