Chiking
Latest News

സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം; ഗൂഗിളിനെതിരെ തെരുവുകളില്‍ വ്യാപക പ്രതിഷേധം

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിനെതിരെ അമേരിക്കന്‍ തെരുവുകളില്‍ വ്യാപക പ്രതിഷേധം. സ്ത്രീ ജീവനക്കാരെ അപമാനിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഗൂഗിള്‍ ആസ്ഥാനത്തും മറ്റിടങ്ങളിലും പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഗൂഗിളിനെ പൂര്‍ണമായും അധിക്ഷേപിക്കുന്ന പരസ്യങ്ങളാണ് തെരുവുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി സോഷ്യല്‍മീഡിയകളിലും ഗൂഗിളിനെതിരെ പ്രതിഷേധം ശക്തമാണ്. സ്റ്റീവ് ജോബ്‌സിനെയും ആപ്പിള്‍ ബ്രാന്‍ഡിനെയും വാഴ്ത്തുന്ന പരസ്യങ്ങളും കാണാം. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ അടക്കമുള്ള ടെക്‌നിക്കല്‍ ജോലികള്‍ക്ക് ജനിതകപരമായി തന്നെ സ്ത്രീകള്‍ അനുയോജ്യരല്ലെന്ന ഗൂഗിള്‍ എന്‍ജിനീയറുടെ നിലപാടാണ് വന്‍ വിവാദമായത്. സംഭവം വിവാദമായതോടെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ മാപ്പു പറഞ്ഞെങ്കിലും പ്രതിഷേധം തുടരുകയാണ്.

സ്ത്രീകളേയും ഭിന്നലിംഗക്കാരെയും കൂടുതല്‍ ഉത്തരവാദിത്വമുള്ള ചുമതലകളില്‍ നിയമിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിള്‍ എന്‍ജിനീയറുടെ അഭിപ്രായ പ്രകടനം വന്നത്. ഗൂഗിളിന്റെ ആഭ്യന്തര ഫോറത്തിലാണ് പുരുഷ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ അഭിപ്രായപ്രകടനം. ടെക് കമ്പനികള്‍ക്ക് സ്ത്രീകളോടുള്ള കാഴ്ചപ്പാടിന് തെളിവാണ് ഈ എന്‍ജിനീയറുടെ വാക്കുകളെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗൂഗിളിന് നേരെ തൊഴില്‍ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ ജോലിക്ക് വ്യത്യസ്ഥ ശമ്പളം കൊടുക്കുന്നുവെന്നതാണ് അന്വേഷണത്തിലെ പ്രധാന വിഷയം.

ലിംഗസമത്വമില്ലെന്ന ആരോപണത്തെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിളിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി വന്ന ഈ അഭിപ്രായപ്രകടനത്തെക്കുറിച്ച് ഗൂഗിളിന്റെ പുതിയ വൈസ് പ്രസിഡന്റ് ഡാനിയേല ബ്രൗണ്‍ പ്രതികരിച്ചിട്ടുണ്ട്. ലിംഗസമത്വത്തെക്കുറിച്ചുള്ള തെറ്റായ നിരീക്ഷണമെന്നാണ് ഈ ലേഖനത്തെ വിശേഷിപ്പിച്ചത്. ലിംഗ സമത്വത്തില്‍ ഗൂഗിളിന് നിലവിലുള്ള നയം തുടരുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top