Chiking
Latest News

നൂറ് മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീം ഫൈനലില്‍; ഫൈനല്‍ ഉസൈന്‍ ബോള്‍ട്ടിന്റെ അവസാന മത്സരം

Web Desk
Indian Telegram Android App Indian Telegram IOS App


ട്രാക്കിനോട് വിടപറയാനൊരുങ്ങുന്ന സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഉൾപ്പെടുന്ന ജമൈക്കൻ പുരുഷ ടീം ലോക അത്‍ലറ്റിക് മീറ്റിലെ 4X100 മീറ്റർ റിലേയുടെ ഫൈനലിൽ. രണ്ടാം ഹീറ്റ്‍സിലോടിയ ജമൈക്കൻ ടീം ഒന്നാം സ്ഥാനക്കാരായാണ് ഫൈനലിനു യോഗ്യത നേടിയത്. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ 12 ആം സ്വർണം ലക്ഷ്യമിട്ടാണ് ബോൾട്ട് ഫൈനലിലിറങ്ങുക. ഒപ്പം, 100 മീറ്ററിൽ കൈവിട്ടുപോയ സ്വർണം റിലേയിൽ വീണ്ടെടുത്ത് കരിയർ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. രാത്രി 2.20നാണ് ബോള്‍ട്ടിന്റെ അവസാന മല്‍സരയോട്ടം.

രണ്ടു ഹീറ്റ്‍സിലുമായി മൂന്നാമത്തെ മികച്ച സമയം കുറിച്ചാണ് ജമൈക്കയുടെ ഫൈനൽ പ്രവേശം. 37.95 സെക്കൻഡിലാണ് ജമൈക്കൻ ടീം ഫൈനലിനു യോഗ്യത നേടിയത്. വാശിയേറിയ ഒന്നാം ഹീറ്റ്സിൽ ഗ്രേറ്റ് ബ്രിട്ടനെ രണ്ടാമതാക്കി 37.70 സെക്കൻഡിൽ ഓടിയെത്തിയ യുഎസ് ടീമിന്റേതാണ് ഹീറ്റ്സി‍ലെ മികച്ച സമയം. 37.76 സെക്കൻഡോടെ രണ്ടാമതെത്തിയ ബ്രിട്ടനും ഫൈനലിനു യോഗ്യത നേടി. ഫ്രാൻസ് (38.03), ചൈന (38.20), ജപ്പാൻ (38.21), തുർക്കി (38.44), കാനഡ (38.48) എന്നീ ടീമുകളും ഫൈനലിനു യോഗ്യത നേടി.

ഫോമിലല്ലാത്ത യൊഹാൻ ബ്ലേക്കിനെ ഒഴിവാക്കിയ ജമൈക്ക മൈക്കൽ കാംപൽ, ജൂലിയൻ ഫോർട്ട്, തൈക്വെൻഡോ ട്രേസി എന്നിവരെയാണ് ബോൾട്ടിനൊപ്പം റിലേയിൽ അണിനിരത്തിയത്. അവസാന ലാപ്പിൽ ഉസൈൻ ബോൾട്ടന്റെ കൈകളിൽ ബാറ്റണെത്തുമ്പോൾ ഫ്രാൻസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്ക. അവസാന ലാപ്പിൽ സ്വതസിദ്ധമായ ശൈലിയിൽ തകർത്തോടിയ ബോൾട്ട്, ടീമിനെ ഒന്നാം സ്ഥാനക്കാരാക്കി ഫൈനലിലെത്തിച്ചു.

ഗാട്‌ലിനും കോള്‍മാനും ഒന്നിക്കുന്ന അമേരിക്കന്‍ താരനിരയാണ് ഫൈനലിൽ ബോൾട്ടിന്റെയും ജമൈക്കയുടെ സ്വർണപ്രതീക്ഷകൾക്ക് വെല്ലുവിളി. 100 മീറ്ററിൽ ബോൾട്ടിനെ മൂന്നാമതാക്കി സ്വർണവും വെള്ളിയും നേടിയ ഗാട്‍ലിനും കോൾമാനും ഫൈനലിലും ബോൾട്ടിനു വെല്ലുവിളി ഉയർത്താനെത്തും. ഹീറ്റ്‍സിൽ ഏറ്റവും മികച്ച സമയം കുറിച്ച യുഎസ് ടീം ഫൈനലിനു മുൻപേ ബോൾട്ടിനും ജമൈക്കയ്ക്കും മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.

Top