Chiking
Latest News

വ്യോമയാന പാതയിലെ വിലക്ക്: ഖത്തറിന്റെ ആവശ്യം അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ തള്ളി

Web Desk
Indian Telegram Android App Indian Telegram IOS App

വ്യോമയാന പാതയിൽ തങ്ങളുടെ വിമാനങ്ങൾക്ക്​ ഏർപ്പെടുത്തിയ വിലക്ക്​പിൻവലിക്കാൻ ഇടപെടണമെന്ന ഖത്തറിന്റെ ആവശ്യം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടന തള്ളിയതായി റിപ്പോർട്ട്​. ഖത്തറും മറ്റു ഗൾഫ്​ രാജ്യങ്ങളുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള വേദിയല്ല ഇതെന്ന നിലപാടാണ്​ സംഘടന കൈക്കൊണ്ടത്​.

രണ്ടു മാസമായി ഖത്തർ എയർവേസ്​ വിമാനങ്ങൾക്ക്​ തങ്ങളുടെ വ്യോമപാതയിൽ പ്രവേശിക്കുന്നതിന്​ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത്​ എന്നീ രാജ്യങ്ങൾ വിലക്ക്​ ഏർപ്പെടുത്തിയിരിക്കുകയാണ്​. ഇത്​ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന്​ ചൂണ്ടിക്കാട്ടി ഖത്തർ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനക്ക്​ പരാതി നൽകിയിരുന്നു. തങ്ങൾക്ക്​ അനുകൂലമായി സംഘടന തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലായിരുന്നു ഖത്തർ. അടച്ചിട്ട വ്യോമപാത തുറന്നു കൊടുക്കാൻ നാലു രാജ്യങ്ങളും ഒരുങ്ങുന്നതായും റിപ്പോർട്ട്​ വന്നിരുന്നു. എന്നാൽ കാനഡ ​മോൺട്രിയാലിലെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടന പ്രശ്നത്തിൽ ഇടപെടാൻ സാധിക്കില്ലെന്നാണ്​ അറിയിച്ചിരിക്കുന്നത്​. ഖത്തറും മറ്റ്​ നാലു രാജ്യങ്ങളുമായുള്ളത്​ രാഷ്ട്രീയ ഭിന്നതയാണെന്നും അതുകൊണ്ടു തന്നെ മറ്റ്​ അന്താരാഷ്ട്ര വേദികളിലാണ്​ പ്രശ്നം ഉന്നയിക്കേണ്ടതെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു.

ഗൾഫ്​ പ്രതിസന്ധിയെ അന്താരാഷ്ട്രവത്കരിക്കാനുള്ള നീക്കത്തെ ഒരു നിലക്കും അംഗീകരിക്കാൻ പറ്റില്ലെന്ന്​ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംഘടനക്ക്​ നൽകിയ വിശദീകരണത്തിൽ അറിയിച്ചിരുന്നു. അതിനിടെ, അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രതിനിധി സംഘം നടത്തിയ മധ്യസ്ഥ നീക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. തീവ്രവാദ വിരുദ്ധ നിലപാടിലേക്ക്​ ഖത്തർ വരികയും അനുരഞ്ജന കരാർ നടപ്പാക്കാൻ വ്യക്തമായ സംവിധാനം ഉണ്ടാവുകയും വേണമെന്നാണ്​ സൗദി അനുകൂല രാജ്യങ്ങളുടെ നിലപാട്​. സെപ്തംബർ ആറിന്​ കുവൈത്ത്​ അമീർ വൈറ്റ്​ ഹൗസിൽ യു.എസ്​ പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപുമായി നടത്തുന്ന ചർച്ചയോടെ പ്രതിസന്ധിക്ക്​ അയവ്​ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ.

Top