Chiking
Latest News

‘ഭാസ്‌കരന്‍ മാഷിന് ശുണ്ഠി കൂടുതലാണെന്ന് എല്ലാവര്‍ക്കുമറിയാം, അദ്ദേഹത്തിന്റെ വഴക്കു കിട്ടാത്ത പാര്‍ട്ടിക്കാര്‍ മട്ടന്നൂരിലില്ല’; ദലിത് യുവതിയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി കെ.കെ ശൈലജ

Web Desk
Indian Telegram Android App Indian Telegram IOS App

മട്ടന്നൂര്‍: തന്റെ ഭര്‍ത്താവു കൂടിയായ സിപിഐഎം ഏരിയാ കമ്മിറ്റി അംഗം കെ.ഭാസ്‌കരന്‍ ദലിത് യുവതിയെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി കെ.കെ ശൈലജ. ഭാസ്‌കരന്‍ മാഷിന് ശുണ്ഠി കൂടുതലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹത്തിന്റെ വഴക്കു കിട്ടാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ മട്ടന്നൂരിലില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മട്ടന്നൂര്‍ നഗരസഭയിലേക്കു ജയിച്ച ഇടതു സ്ഥാനാര്‍ഥികള്‍ക്കുള്ള സ്വീകരണച്ചടങ്ങിലാണ്, വാക്കുകള്‍ ഇടറിക്കൊണ്ടു കെ.കെ. ശൈലജ വിവാദത്തെക്കുറിച്ചു പ്രതികരിച്ചത്.

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു ദിവസം, സ്ഥാനമൊഴിയുന്ന നഗരസഭാധ്യക്ഷന്‍ കെ.ഭാസ്‌കരന്‍ ദലിത് വിഭാഗത്തില്‍ പെട്ട പാര്‍ട്ടി പ്രവര്‍ത്തകയായ ഷീലയെ തല്ലിയെന്നും വഴക്കു പറഞ്ഞുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പു നടന്ന ഇക്കഴിഞ്ഞ എട്ടിനു വൈകിട്ടു പെരിഞ്ചേരി ബൂത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്. ഓപ്പണ്‍ വോട്ടു സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ കെ.ഭാസ്‌കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോള്‍, ഭാസ്‌കരന്‍ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നായിരുന്നു ആക്ഷേപം.

‘അദ്ദേഹത്തെ അറിയുന്ന പാര്‍ട്ടി പ്രവര്‍ത്തകരാരും ശത്രുതാപരമായി പെരുമാറിയിട്ടില്ല. ഷീലയും രാജനുമായി അടുത്ത ബന്ധമാണു ഭാസ്‌കരന്‍ മാഷിനുള്ളത്. കേന്ദ്ര കമ്മിറ്റിയില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. ന്യൂഡല്‍ഹിയില്‍ എങ്ങനെ വാര്‍ത്ത കിട്ടി എന്നു വ്യക്തമല്ല. ആരെങ്കിലും ഇതിനു പിന്നിലുണ്ടോയെന്നും അറിയില്ല. തെറ്റു ചെയതിട്ടുണ്ടെങ്കില്‍ പൊതുവേദിയില്‍ പറയാന്‍ മടിയില്ലെന്നും ശൈലജ പറഞ്ഞു.

Top