Chiking
Latest News

പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്ന കാലം വിദൂരമല്ല; പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങള്‍ ഇറക്കണമെന്ന് നിതിന്‍ ഗഡ്കരി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌രി. വര്‍ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം തടയാന്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരം വാഹന നിര്‍മാതാക്കള്‍ മലിനീകരണ തോത് വളരെ കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളിലേക്ക് നീങ്ങണം. ഇല്ലെങ്കില്‍ ഇത്തരം വാഹങ്ങള്‍ നിരത്തില്‍നിന്ന് തുടച്ചുനീക്കാന്‍ ഒരുമടിയും കാണിക്കില്ലെന്ന് നിതിന്‍ ഗഡ്കരി മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ കാര്‍ നിര്‍മാതാക്കളുടെ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വാഹന നിര്‍മാതാക്കള്‍ പുതിയ ഗവേഷണങ്ങളിലേക്ക് തിരിയണം. അധികം വൈകാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നയം രൂപപ്പെടുത്തുമെന്നും ഗഡ്ഗരി അറിയിച്ചു. ഭാവിയില്‍ ബസ്, കാര്‍, ടാക്‌സി, ബൈക്ക് തുടങ്ങി സകല വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറും, ഇന്ത്യയും എത്രയും പെട്ടെന്ന് അതേ വഴിയില്‍ സഞ്ചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 2030ഓടെ പരമ്പരാഗത ഇന്ധന വാഹനങ്ങള്‍ നിരോധിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

‘നമ്മള്‍ ബദല്‍ ഇന്ധന മാര്‍ഗങ്ങളിലേക്ക് നീങ്ങിയെ പറ്റു, നിങ്ങള്‍ക്ക് സമ്മതമാണെങ്കിലും ഇല്ലെങ്കിലും ഞാന്‍ ഇത് നടപ്പാക്കാന്‍ പോവുകയാണ്. ഇക്കാര്യത്തില്‍ നിങ്ങളുമായി ഒരു ചോദ്യവുമില്ല. ബദല്‍ മാര്‍ഗങ്ങളിലേക്ക് ചുവടുമാറ്റിയില്ലെങ്കില്‍ എല്ലാവരും തൂത്തെറിയപ്പെടും. ഇക്കാര്യത്തില്‍ എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഇത്തരം മലിനീകരണം തടയാന്‍ കേന്ദ്ര ഗവണ്‍മെന്റിന് വളരെ കൃത്യമായ നയങ്ങളുമുണ്ട്.’ 57ാംമത് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്) വാര്‍ഷിക യോഗത്തില്‍ സംസാരിക്കവെ നിതിന്‍ ഗഡ്കരി പറഞ്ഞു. അധികം വൈകാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നയം രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇലക്ട്രിക് വാഹനങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ഗവേഷണം നടത്തണം. ആദ്യം ഞാന്‍ ഇത് സൂചിപ്പിച്ചപ്പോള്‍ നിര്‍മാണ ചെലവ് വളരെ കൂടും ബാറ്ററികള്‍ക്ക് വില അധികമാണെന്ന് നിങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇന്ന് ബാറ്ററികള്‍ക്ക് 40 ശതമാനം വില കുറവാണ്. സമയം ഇനിയും വൈകിയിട്ടില്ല ഇലക്ട്രിക് പരീക്ഷണം ഇപ്പോള്‍ ആരംഭിച്ചാലും മാസ് പ്രൊഡക്ഷനില്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങള്‍ക്കും തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ട് സാധാരണമാണ്. ഭാവിയില്‍ ബസ്, കാര്‍, ടാക്‌സി, ബൈക്ക് തുടങ്ങീ സകല വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറും, ഇന്ത്യയും എത്രയും പെട്ടെന്ന് അതേ വഴിയില്‍ സഞ്ചരിക്കണം ഗഡ്കരി പറഞ്ഞു.

Top