Chiking
Latest News

കേസന്വേഷണം സിനിമാ തിരക്കഥ പോലെയാണോ; നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം; നാദിര്‍ഷ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി. കേസന്വേഷണം സിനിമാ തിരക്കഥ പോലെയാണോ എന്ന് കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ, പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ എന്നും കോടതി ചോദിച്ചു. സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണോ, കേസിലെ അന്വേഷണം പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കുമെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് എന്തിനുവേണ്ടിയെന്നും കോടതി ചോദിച്ചു. നാദിര്‍ഷ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാദിര്‍ഷയുടെ ജാമ്യാപേക്ഷ 18 ലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ തീര്‍പ്പുണ്ടാകും വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. നാദിര്‍ഷയെ പ്രതിയാക്കാന്‍ തല്‍ക്കാലം തെളിവുകളൊന്നും ഇല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് പൊലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ച് നാദിര്‍ഷാ കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ സംവിധായകനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് മുമ്പ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂവെന്നും അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ബോധിപ്പിച്ചത്.

നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകള്‍ നാദിര്‍ഷ മറച്ചുവെച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് അന്വേഷണം വഴിതിരിച്ചുവിടാനും ദിലീപിനെ സംരക്ഷിക്കാനുമുളള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യ ചെയ്തതിനൊപ്പമാണ് നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തത്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി നാളെയാണ് നല്‍കാനിരിക്കുന്നത്. നാദിര്‍ഷയുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി പരിഗണിച്ചശേഷം ദിലീപിന്റെ ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് നീക്കം.

നേരത്തെ രണ്ടുതവണ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ ബെഞ്ചായിരിക്കും ഇത്തവണയും ദിലീപിന്‍റെ ജാമ്യത്തില്‍ തീരുമാനമെടുക്കുന്നത്. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയായെന്നും ഇനിയും ജാമ്യം തടയരുതെന്നുമായിരിക്കും പ്രതിഭാഗം ആവശ്യപ്പെടുന്നതും. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലഴിക്കുളളിലായിട്ട് ഇപ്പോള്‍ രണ്ടുമാസത്തിലേറെയായി.

ഇതിനിടെ അച്ഛന്റെ ശ്രാദ്ധത്തിനായി ദിലീപിന് ജയിലിന് പുറത്തിറങ്ങാന്‍ അനുമതി കൊടുത്തതിന് പിന്നാലെ മുന്‍നിര താരങ്ങളും സംവിധായകരും ജയിലിലെത്തിയിരുന്നു. കൂടാതെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാനുളള നീക്കങ്ങളും സജീവമാണ്. ഇതിന് പുറമെ ദിലീപ് നായകനായ രാമലീല ഈ മാസം 28ന് തിയേറ്ററുകളിലെത്തും. ഇത്തരത്തില്‍ അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നത് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കുമെന്നാണ് അറിയുന്നത്.

Top