Chiking
Latest News

കൊഹ്‌ലിയുടെ വാക്ക് തള്ളിക്കളഞ്ഞ ധോണിയുടെ അപ്പീല്‍ പാളി; ഭുവനേശ്വറിന് നഷ്ടമായത് ഒരു വിക്കറ്റ് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഗുവാഹത്തി : അംപയര്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം എന്ന ഡിആര്‍എസിനെ ധോണി റിവ്യൂ സിസ്റ്റം എന്നും വേണമെങ്കില്‍ വിളിക്കാം. വിക്കറ്റിന് പിന്നില്‍ നിന്നും ഡിആര്‍എസ് സംബന്ധിച്ച് ധോണി എടുക്കുന്ന തീരുമാനങ്ങളിലെ കൃത്യത തന്നെയാണ് ഇതിന് കാരണം.

അത്രയ്ക്കും കൃത്യമായിട്ടാണ് ധോണി ഡിആര്‍എസ് തീരുമാനങ്ങള്‍ എടുക്കുക. എന്നാല്‍ ഇന്നലെ ഇത് പിഴച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ധോണിയുടെ തെറ്റായ തീരുമാനം ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി. ഒരുപക്ഷേ ഇന്ത്യയ്ക്ക് കളിയും. ഇങ്ങനെയായിരുന്നു ആ സംഭവം.

ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ മോയിസ് ഹെന്റിക്കസ് ബീറ്റണായി. പന്ത് പിടിച്ച ധോണി അപ്പീല്‍ ചെയ്തു. അത്രയ്ക്ക് ആത്മവിശ്വാസത്തോടെയല്ലെങ്കിലും ഭുവനേശ്വര്‍ കുമാറും അപ്പീല്‍ ചെയ്തു. തൊട്ടടുത്ത് ഫീല്‍ഡ് ചെയ്തിരുന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി എഡ്ജ് കൃത്യമായി കേട്ട ആത്മവിശ്വാസത്തോടെ ഓടി വന്ന് അപ്പീല്‍ ചെയ്തു. റിവ്യൂവിന് പോകാനായിരുന്നു കൊഹ്‌ലിയുടെ താല്‍പര്യം. എന്നാല്‍ ടച്ച് ഇല്ല എന്ന് ധോണി ആംഗ്യം കാണിച്ചതോടെ കൊഹ്‌ലി ഒതുങ്ങി. ഇന്ത്യ റിവ്യൂ പോയതും ഇല്ല. പക്ഷേ ഇന്ത്യയ്ക്ക് വലിയ നഷ്ടമുണ്ടാക്കി ഈ തീരുമാനം.

ഭുവനേശ്വര്‍ കുമാറിന്റെ പന്ത് ഹെന്റിക്കസിന്റെ ബാറ്റില്‍ ഉരഞ്ഞായിരുന്നു ധോണിയുടെ ഗ്ലൗസില്‍ എത്തിയത് എന്ന് റിപ്ലേയില്‍ വ്യക്തമായി. റിവ്യൂ പോയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് കിട്ടുമായിരുന്ന വിക്കറ്റാണ് നഷ്ടമായത്. ധോണി നോ പറഞ്ഞിരുന്നില്ലെങ്കില്‍ കൊഹ്‌ലി റിവ്യൂവിന് പോകുമായിരുന്നു എന്ന കാര്യം ഉറപ്പായിരുന്നു.

അതേസമയം രണ്ടാം ഓവറിലും മൂന്നാം ഓവറിലും വിക്കറ്റുകള്‍ പോയി പ്രതിരോധത്തിലായിരുന്നു ഓസ്‌ട്രേലിയ. അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ഈ വിക്കറ്റ് കിട്ടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് കളിയില്‍ പിടിമുറുക്കാമായിരുന്നു. ജീവന്‍ കിട്ടിയ ഹെന്റിക്കസാകട്ടെ 62 റണ്‍സുമായി പുറത്താകാതെ നിന്ന് ഓസ്‌ട്രേലിയയെ ജയിപ്പിക്കുകയും ചെയ്തു. പരമ്പര 1-1 ന് സമനിലയിലാകുകയും ചെയ്തു.

ഇതിനിടെ മൈതാനത്ത് നാടകീയമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ കമന്ററി ബോക്‌സിലിരുന്ന് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ കളിയാക്കുകയായിരുന്നു സഞ്ജയ് മഞ്ജരേക്കര്‍. കളത്തിലിരിക്കുന്ന കൊഹ്‌ലിക്ക് കാണാത്ത കാര്യങ്ങള്‍ ചിലപ്പോള്‍ കണ്ടു എന്നും കേള്‍ക്കാത്ത കാര്യങ്ങള്‍ കേട്ടു എന്നും തോന്നും എന്നൊക്കെയായിരുന്നു പരിഹാസം. എന്നാല്‍ കൊഹ്‌ലിയായിരുന്നു ശരി എന്ന് ടിവി റീ പ്ലേയില്‍ തെളിഞ്ഞു.

Top