Chiking
Latest News

സോളാര്‍ കേസ്:ഹേമചന്ദ്രനെയും പദ്മകുമാറിനെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ രണ്ട് എസ്പിമാരടക്കം ആറുപേരെ സ്ഥലം മാറ്റി

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: സോളാര്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമുള്ള ഡി.ജി.പി. എ. ഹേമചന്ദ്രന്‍, എ.ഡി.ജി.പി. പദ്മകുമാര്‍, ഡിവൈ.എസ്.പി. ഹരികൃഷ്ണന്‍ എന്നിവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും. മൂന്നുപേര്‍ക്കുമെതിരേ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. സരിത, മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞവര്‍ഷം ജൂലായ് 25ന് നല്‍കിയ പരാതി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു. ഈ പരാതി പുതുതായി രൂപവത്കരിച്ച അന്വേഷണസംഘത്തിന് കൈമാറും.

അതേസമയം സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരത്തെ രണ്ട് എസ്പിമാരടക്കം ആറ് പേരെ സ്ഥലം മാറ്റി. സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി. ജി. അജിത്, റെജി ജേക്കബ് എന്നിവരാണ് സ്ഥലം മാറ്റിയ എസ്പിമാര്‍. ഡിവൈഎസ്പിമാരായ സുദര്‍ശനന്‍, ജയ്‌സണ്‍ ജോസഫ് എന്നിവരേയും സിഐ ബി. റോയി, എസ്‌ഐ ബിജുജോണ്‍ ജേക്കബ് എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെന്ന കുറ്റംചുമത്തി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്ര മന്ത്രിമാര്‍, എംഎല്‍എമാര്‍, സോളര്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെക്കുറിച്ച് പരിശോധിച്ചില്ലെന്ന കമ്മീഷന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.

ഐജി: കെ.പത്മകുമാര്‍, ഡിവൈഎസ്പി: കെ.ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനു കേസെടുക്കും. ക്രൈം ബ്രാഞ്ച് ഡിജിപി: എ.ഹേമചന്ദ്രന്‍, ഐജി: കെ.പത്മകുമാര്‍ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ജി.ആര്‍.അജിത്തിനെതിരെ അച്ചടക്കരാഹിത്യത്തിന് നടപടിയെടുക്കണമെന്നു സോളര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. 20 ലക്ഷം രൂപ പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സംബന്ധിച്ച്, നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, ജി.ആര്‍.അജിത്തിനെതിരെ വകുപ്പുതല നടപടിയെടുക്കും. അഴിമതി നിരോധന നിയമപ്രകാരം ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇന്റലിജന്‍സ് മേധാവിയെന്ന നിലയില്‍ ശക്തനായിരുന്ന ഹേമചന്ദ്രനെ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യിലേക്ക് നിയോഗിച്ചത് ഫലത്തില്‍ തരംതാഴ്ത്തലിന് തുല്യമാണ്. ഡി.ജി.പി. റാങ്കുകാര്‍ക്ക് ഒരിക്കലും നല്‍കാത്ത പദവിയാണിത്. പൊലീസില്‍ ഐ.ജി. റാങ്കിലുള്ളവര്‍ മാത്രമാണ് ഇതിനുമുമ്പ് കെ.എസ്.ആര്‍.ടി.സി. എം.ഡി.യായിട്ടുള്ളത്.

പുതിയ സാഹചര്യത്തില്‍ കേരളാ പൊലീസില്‍ വന്‍ അഴിച്ചുപണി വരും. വിജിലന്‍സ് ഡയറക്ടറായി പുതിയ ആളെ ഉടന്‍ നിയമിക്കും. ഡല്‍ഹിയില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ കഴിയുന്ന അസ്താന മടങ്ങിവരുന്നില്ലെങ്കില്‍ ഡി.ജി.പി. റാങ്കുള്ള ശ്രീലേഖയ്ക്കാണ് കൂടുതല്‍ സാധ്യത. ക്രൈംബ്രാഞ്ചിലും പുതിയ തലവന്‍ വരും. സര്‍ക്കാരിന് പ്രിയങ്കരനായ ഫയര്‍ഫോഴ്‌സ് മേധാവി ടോമിന്‍ ജെ. തച്ചങ്കരി വീണ്ടും പ്രധാനപദവികളിലൊന്നില്‍ നിയമിതനായേക്കും.

Top