Chiking
Latest News

കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കുന്നതിനാലാണ് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അവിടെ മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുന്നതെന്ന് വി.കെ സിങ്

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കുന്നതിനാലാണ് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അവിടെ മികച്ച വിജയം കൈവരിക്കാന്‍ സാധിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് റിഫൈനാന്‍സ് ഏജന്‍സി) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സാമ്പത്തിക സംരംഭകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.കെ.സിങ്.

വിദേശത്തുള്ള ഇന്ത്യക്കാര്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് കാരണം വളരെ ലളിതമാണ്. അവരുടെ ആശയങ്ങളെയും അവസരങ്ങളെയും മുന്നോട്ടു കൊണ്ടുപോകാനുള്ള സാമ്പത്തിക പിന്തുണ അവര്‍ക്ക് ലഭിക്കുന്നു. അവിടെ വായ്പകളുടെ പലിശനിരക്ക് വളരെ കുറവാണ് വി.കെ സിങ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന മുദ്ര പദ്ധതി യുവ സംരംഭകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള മികച്ച അവസരമാണ്. കൂടിയ ഈട് ആവശ്യമില്ലാതെ, വലിയ നൂലമാലകളില്ലാതെ മുദ്രയിലൂടെ വായ്പ ലഭ്യമാകും. സ്ത്രീ സംരംഭകരാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ രഹിതര്‍ക്ക് പുതിയ തൊഴില്‍ മേഖലകളും സാധ്യതകളും കണ്ടെത്താനും വിപുലമാക്കാനും ബാങ്കുകള്‍ കൂടുതല്‍ അവസരമൊരുക്കുന്നതിലൂടെ രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് വലിയ പരിഹാരമുണ്ടാക്കാനും സാധിക്കും. കാര്‍ഷിക വായ്പകളുടെ അമിത ഭാരം മൂലം ആത്മഹത്യയുടെ വക്കിലെത്തിയവര്‍ക്ക് ആശ്വാസമാകാനും മുദ്രയ്ക്ക് കഴിയും. അത്തരം കുടുംബങ്ങളിലുള്ളവര്‍ക്ക് വായ്പയിലൂടെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും സാധിക്കുമെന്നും വി.കെ സിങ് ചൂണ്ടിക്കാട്ടി.

Top