Chiking
Latest News

കെ പി സി സി ഭാരവാഹി പട്ടിക തയ്യാറായി; യുവാക്കള്‍ക്കും വനിതകള്‍ക്കും ദലിതര്‍ക്കും വേണ്ടത്ര പ്രാതിനിധ്യം ഇല്ല; പുതുമുഖങ്ങള്‍ പലരും 60 വയസ് കടന്നവര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: കെ.പി.സി.സി  ഭാരവാഹി പട്ടിക തയ്യാറായി. യുവാക്കളെയും വനിതകളെയും പട്ടികയില്‍ പേരിന് മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. 282 പേരുള്ള പട്ടികയില്‍ 60 വയസ് കഴിഞ്ഞ 10 പുതുമുഖങ്ങളുണ്ട്.

പട്ടികയില്‍ 18 വനിതകളാണ് ഇടം പിടിച്ചിരിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും 10 പേര് മാത്രമാണ് പട്ടികയിലുള്ളത്. കെ.മുരളീധരനുമായി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന വക്കം പുരുഷോത്തമനും ഇടം ലഭിച്ചില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളായ കെ.ശങ്കരനാരായണന്‍, എം.എം.ജേക്കബ് തുടങ്ങിയ നേതാക്കള്‍ പുതിയ പട്ടികയിലും ഇടം നേടിയെന്നത് ശ്രദ്ധേയമാണ്.

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പാണ് സംസ്ഥാനത്ത് നടന്നതെന്ന പരാതി ഇപ്പോള്‍ തന്നെ ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്. എ ഗ്രൂപ്പിനാണ് പട്ടികയില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പിനേക്കാള്‍ 22 പേരെ അധികം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. എംപിമാര്‍ നിര്‍ദ്ദേശിച്ച ചില പേരുകള്‍ സംസ്ഥാന നേതൃത്വം വെട്ടിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. യുവാക്കളെയും വനിതകളെയും അവഗണിച്ച കെ.പി.സി.സി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഡല്‍ഹി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പട്ടികയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ട്. ഗുജറാത്തില്‍ നിന്ന് ഇന്ന് മടങ്ങിയെത്തുന്ന രാഹുല്‍ ഇന്ന് കേരളത്തിന്റെ വിഷയങ്ങള്‍ പരിശോധിച്ചേക്കും. സോളാര്‍ വിവാദവും കേസുകളും കത്തി നില്‍ക്കുന്ന സമയത്ത് ഹൈക്കമാന്‍ഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടിക ഏത് രീതിയില്‍ ദേശീയ നേതൃത്വം പരിഗണിക്കുമെന്നാണ് ഇനി അറിയേണ്ടത്.

Top