Chiking
Latest News

കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി നിയമസഭയില്‍ വയ്ക്കാതെ പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫാണ് സ്പീക്കര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. എംഎല്‍എമാരുടെ അവകാശങ്ങളുടെ ലംഘനമാണിതെന്നും കെ.സി.ജോസഫ് പറഞ്ഞു. ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിനു മുൻപേ മുഖ്യമന്ത്രി പരസ്യപ്പെടുത്തിയെന്നാണ് ആക്ഷേപം.

ഇതിനിടെ സോളർ വിഷയത്തിൽ വിവാദക്കുരുക്കിലായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പിനായി അപേക്ഷ നൽകി. ചീഫ് സെക്രട്ടറിക്കാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇപ്രകാരം ലഭിച്ചില്ലെങ്കിൽ കോടതി വഴി ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാനാണു തീരുമാനം. സോളർ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് വിദഗ്ധ നിയമോപദേശം തേടാനാനുള്ള നീക്കവും കോൺഗ്രസ് ആരംഭിച്ചു.

സോളർ വിഷയത്തിൽ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീർക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനായി സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പൂർണ രൂപം വാങ്ങുക എന്നതാണ് കെപിസിസിയുടെ ആദ്യ ലക്ഷ്യം. നിയമപരമായും രാഷ്ട്രീയമായും നീങ്ങാൻ റിപ്പോർട്ട് ലഭിച്ചേ മതിയാകൂ. റിപ്പോർട്ട് നിയമസഭയിൽ വരുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

അതേസമയം, റിപ്പോർട്ടിന്റെ പകർപ്പ് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാതെ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി കെട്ടിയിട്ടു തല്ലുന്നതിനു തുല്യമായിപ്പോയി എന്നാണ് ഒരു മുതിർന്ന നേതാവ് അഭിപ്രായപ്പെട്ടത്. കമ്മിഷന്റെ കണ്ടെത്തലുകളായി സർക്കാർ അവതരിപ്പിച്ചതു വെറും രാഷ്ട്രീയ ഭാഷ്യം മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

സ്ത്രീപീഡനക്കേസിനെ സംബന്ധിച്ചും അവ്യക്തതകളുണ്ട്. എഫ്ഐആർ റജിസ്റ്റർ ചെയ്തു തുടർനടപടികളുമായി മുന്നോട്ടുപോയാൽ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചു വിവിധ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. മുൻമുഖ്യമന്ത്രിക്കെതിരെ സരിത ഉന്നയിച്ച ആരോപണം വാസ്തവ വിരുദ്ധമാണെന്ന നിലപാടാവും നേതൃത്വം സ്വീകരിക്കുക. പുനഃസംഘടന അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തുക എന്ന കടമ്പയും ആരോപണവിധേയർക്കു മുന്നിലുണ്ട്.

Top