Chiking
Latest News

പാണ്ഡെയെ മാറ്റണം, പകരം ഇന്ത്യ അഞ്ചാം സ്ഥാനത്ത് പരീക്ഷിക്കേണ്ട അഞ്ചു പേര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിര എന്ന പേര് എല്ലാക്കാലത്തും പേറുന്ന ടീമാണ് ഇന്ത്യ. ഗാവ്‌സകറും സച്ചിനും ദ്രാവിഡും സേവാഗും വഴി കൊഹ്‌ലിയിലും ധോണിയിലും എത്തി നില്‍ക്കുമ്പോഴും ആ സല്‍പ്പേരിന് ഒരു കുറവും ഇല്ല. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണ്‍ ചെയ്യുന്ന ടീമില്‍ അവസരം കിട്ടാനായി അജിങ്ക്യ രഹാനെയെ പോലെ ഒരു കളിക്കാരന്‍ കാത്തുനില്‍ക്കുന്നു എന്ന് പറഞ്ഞാലറിയാം ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കഴിവ് എത്രത്തോളമുണ്ടെന്ന്.

എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയ്ക്ക് മധ്യനിരയില്‍ ചെറിയൊരു പ്രശ്‌നമുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ നാലാം നമ്പറില്‍ ഇറക്കി വിരാട് കൊഹ്‌ലി നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. എം.എസ് ധോണിയും പാണ്ഡ്യയും നാലും അഞ്ചും നമ്പര്‍ സുരക്ഷിതമാക്കുമെങ്കിലും ആറാം നമ്പറില്‍ ഇന്ത്യയ്ക്ക് പ്രശ്‌നങ്ങള്‍ ഏറെയാണ്. മനീഷ് പാണ്ഡെയും ജാദവും അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ഈ അഞ്ച് പേരെക്കൂടി ഈ സ്ഥാനത്തേക്ക് പരീക്ഷിക്കുന്നത് നന്നായിരിക്കും.

സുരേഷ് റെയ്ന

ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍മാരില്‍ ഒരാള്‍. തല്‍ക്കാലം ഫോമൗട്ടാണെങ്കിലും ഏത് സമയത്തും ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന ആറാം നമ്പര്‍ ബാറ്റ്‌സ്മാനാണ് റെയ്‌ന. ഒന്നാമത്തെ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള റെയ്‌ന ഒരു പ്രൂവണ്‍ മാച്ച് വിന്നറാണ്. ലോകകപ്പടക്കം വലിയ ടൂര്‍ണമെന്റുകള്‍ കളിച്ചിട്ടുള്ള അനുഭവസമ്പത്തും റെയ്‌നയ്ക്കുണ്ട്.

ക്രുനാല്‍ പാണ്ഡ്യ

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍. ഇടംകൈയന്‍ സ്പിന്നറും ഇടംകൈയന്‍ ബാറ്റ്‌സ്മാനും. അനിയന്‍ ഹാര്‍ദിക് പാണ്ഡ്യയെ പോലെ കൂറ്റനടിക്കാരനല്ലെങ്കിലും വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ മിടുക്കന്‍. സാഹചര്യത്തിനൊത്ത് കളിയുടെ വേഗം കൂട്ടാനും കുറയ്ക്കാനും കഴിവുള്ള ക്രുനാല്‍ പാണ്ഡ്യ ആറാം നമ്പറില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഋഷഭ് പന്ത്

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. അണ്ടര്‍ പത്തൊമ്പത് ലോകകപ്പിലും തുടര്‍ന്ന് ഐപിഎല്ലിലും ഒരു സംഭവമായിരുന്നു ഋഷഭ് പന്ത്. വൈകാതെ ഇന്ത്യന്‍ ടീമിലും എത്തിയെങ്കിലും വേണ്ടത്ര അവസരങ്ങള്‍ കിട്ടിയില്ല. ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമാണ് പന്ത്. തോന്നുമ്പോള്‍ തോന്നുമ്പോള്‍ സിക്‌സറടിക്കാന്‍ കഴിവുള്ള ഋഷഭ് പന്തിന്റെ സാന്നിധ്യം ഇന്ത്യന്‍ മധ്യനിരയെ കൂടുതല്‍ ശക്തമാക്കും.

സൂര്യകുമാര്‍ യാദവ്

മുംബൈയ്ക്ക് വേണ്ടി രഞ്ജി ക്രിക്കറ്റിലും കൊല്‍ക്കത്തയ്ക്ക് വേണ്ടി ഐപിഎല്ലിലും തിളങ്ങുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. രഞ്ജിയില്‍ 40ന് മേല്‍ ശരാശരിയുള്ള യാദവ് ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ആറാം നമ്പറില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. സ്പിന്നും ഫാസ്റ്റും ഒരു പോലെ കളിക്കാനുള്ള മികവുമുണ്ട്.

വിജയ് ശങ്കര്‍

രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുക്കുന്ന ഓള്‍റൗണ്ടറാണ് വിജയ് ശങ്കര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50ന് മുകളിലാണ് വിജയ് ശങ്കറിന്റെ ശരാശരി. 29 കളിയില്‍ 21 വിക്കറ്റുമുണ്ട്. മി!ഡില്‍ ഓര്‍ഡറില്‍ കളിച്ച് പരിചയം. ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് വിജയ് ശങ്കര്‍.

Top