Chiking
Latest News

എനിക്കു പറ്റിയ തെറ്റ് അതായിരുന്നു; കജോളിനോട് ഇപ്പോഴും ഒരുപാട് സ്‌നേഹമുണ്ട്: കരണ്‍ ജോഹര്‍

Web Desk
Indian Telegram Android App Indian Telegram IOS App

സംവിധായകന്‍ കരണ്‍ ജോഹറും നടി കജോളും പിണങ്ങിയ വാര്‍ത്ത അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ആത്മാര്‍ഥ സുഹൃത്തുക്കളായിരുന്ന കജോളും കരണ്‍ ജോഹറും പിണക്കത്തിലായ കാര്യം ഞെട്ടലോടെയാണ് ആരാധകര്‍ എതിരേറ്റത്. കാര്യം പിണക്കമൊക്കെയാണെങ്കിലും കരണ്‍ ജോഹറിന്റെ മനസ്സില്‍ ഇപ്പോഴും കജോളിന് ആ പഴയ സ്ഥാനം തന്നെയാണുള്ളത്, തന്റെ കൂട്ടുകാരിയെ അങ്ങനെ അങ്ങു മറക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

”ചില ബന്ധങ്ങള്‍ വളറെ പവിത്രമാണെന്നാണ് ഞാന്‍ കരുതുന്നത്, അവര്‍ നിങ്ങളെ വേദനിപ്പിച്ചാലോ ആ വേദനയില്‍ നിന്നു നിങ്ങള്‍ മുക്തമാകാതിരുന്നാലോ അത്തരം വികാരങ്ങളെല്ലാം നിങ്ങള്‍ക്കുള്ളില്‍ തന്നെ ഒതുക്കുന്നതാണ് നല്ലത്. പക്ഷേ ഞാന്‍ ഒരിക്കല്‍ പരസ്യമായി ഇക്കാര്യം പറഞ്ഞതാണ് എനിക്കു പറ്റിയ തെറ്റ്, അങ്ങനെയാണ് ഇതു പുറത്തായതും. എന്തായാലും അതു പറഞ്ഞു പോയി, ഇനി തിരിച്ചെടുക്കാനും കഴിയില്ല. ഞങ്ങള്‍ക്കിരുവര്‍ക്കും ആഗ്രഹമുണ്ട്, പഴയ രീതിയിലേക്ക് തന്നെ പോകാന്‍, കജോളിനോട് ഇപ്പോഴും എനിക്ക് ഒരുപാടു സ്‌നേഹവുമുണ്ട്” കരണ്‍ പറയുന്നു.

തന്റെ മക്കളായ യഷിന്റെയും റൂഹിയുടെയും കാര്യം ആദ്യം അറിയിച്ചതും കജോളിനെയാണെന്ന് കരണ്‍ പറയുന്നു. കുട്ടികള്‍ ജനിച്ചപ്പോള്‍ താന്‍ ആദ്യം സന്ദേശം അയച്ചത് കജോളിനാണ്. ”നീ എനിക്ക് തിരിച്ചു മറുപടി അയക്കണം എന്നില്ല, പക്ഷേ എന്റെ മക്കളുടെ കാര്യം പത്രമാധ്യമങ്ങളിലൂടെയോ ഓണ്‍ലൈനിലൂടെയോ നീ അറിയരുതെന്ന് എനിക്കുണ്ട്. അവര്‍ എങ്ങനെയാണ് കാണാന്‍ ഇരിക്കുന്നതെന്ന് നീ കൂടി കാണണം എന്നാഗ്രഹിച്ചാണ് ഈ സന്ദേശം അയച്ചത്, മറുപടി അയക്കണം എന്നില്ല.”

അപ്പോള്‍ തന്നെ കജോളില്‍ നിന്നു തിരിച്ചു മറുപടി ലഭിച്ചു ”അവര്‍ വളരെ മനോഹരമായിരിക്കുന്നു, എന്റെ മക്കള്‍ എന്നെ സ്‌നേഹിക്കുന്നതുപോലെ അവരും എല്ലാ സ്‌നേഹവും നിനക്കു നല്‍കട്ടെയെന്നു ഞാന്‍ പ്രത്യാശിക്കുന്നു”.

എന്തായാലും കരണ്‍ ജോഹറും കജോളും ഒരിക്കല്‍ക്കൂടി സിനിമയിലും ജീവിതത്തിലും നല്ല സുഹൃത്തുക്കളാവാന്‍ കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍. നല്ല സൗഹൃദങ്ങള്‍ ഒരിക്കലും ഇല്ലാതാകുന്നില്ലെന്നും എത്രത്തോളം അകന്നാലും മനസ്സിനുള്ളില്‍ ആ ഇഷ്ടം എന്നും നിലനില്‍ക്കുമെന്നും കരണ്‍ പറയുന്നു.

Top