Chiking
Latest News

ഐഎഫ്എഫ്‌കെ: ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കും; ഫീസ് കൂട്ടും (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിക്കുകയും ഡെലിഗേറ്റ് പാസിന്റെ എണ്ണം കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രി എ.കെ ബാലന്‍. ചലച്ചിത്ര അക്കാദമിക്കുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഫീസ് വര്‍ധിപ്പിക്കുന്നത്. തിരക്ക് ഒഴിവാക്കാനാണ് പാസ് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്ററുകളുടെ സീറ്റുകള്‍ക്ക് ആനുപാതികമായി ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ ചലച്ചിത്ര അക്കാദമിക്ക് സാംസ്‌കാരിക വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് ഇത്തവണ 10, 000 പാസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം 14, 000 പാസ്സുകളായിരുന്നു നല്‍കിയിരുന്നത്. ഇതുകാരണം മുഴുവന്‍ ഡെലിഗേറ്റുകള്‍ക്കും സിനിമ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല.

14 തിയേറ്ററുകളിലായിരിക്കും ഇത്തവണ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കുന്നതിനു പരിഹാരമായി കൂടുതല്‍ പ്രാദേശിക ചലച്ചിത്ര മേളകള്‍ സംഘടിപ്പിച്ച് അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ കാണാന്‍ അവസരമുണ്ടാക്കും. കഴിഞ്ഞ തവണത്തെക്കാള്‍ 150 രൂപ വര്‍ധിപ്പിച്ച് ഡെലിഗേറ്റ് ഫീസ് 650 ആയും വിദ്യാര്‍ഥികള്‍ക്ക് 325 രൂപയായും പാസ് തുക ക്രമീകരിച്ചു.

ഡിസംബര്‍ എട്ടുമുതല്‍ 15 വരെയാണ് മേള. സിനിമകളുടെ സെലക്ഷന്‍ പൂര്‍ത്തിയായി. വിവിധ വിഭാഗങ്ങളിലായി ഇരുന്നൂറോളം സിനിമകളാണ് പ്രദര്‍ശനത്തിനുള്ളത്. മത്സരവിഭാഗം സിനിമകളില്‍ രണ്ട് മലയാള സിനിമകളും രണ്ട് ഇന്ത്യന്‍ സിനിമകളും ഇടം നേടിയിട്ടുണ്ട്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ബ്രസീലില്‍ നിന്നുള്ള സിനിമകളും സ്പെഷ്യല്‍ പാക്കേജായി അഭയാര്‍ത്ഥി പ്രശ്നം വിഷയമാക്കുന്ന സിനിമകളുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സുകറോവിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. ബംഗാളി നടി മാധവി മുഖര്‍ജിയാണ് മേളയുടെ മുഖ്യാതിഥി.

Top