Chiking
Latest News

മെസിയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് സെര്‍ജിയോ അഗ്യൂറോ മനസു തുറക്കുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുകയാണെന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. എന്നാലിപ്പോള്‍ മെസിയുടെ സഹതാരവും മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ സ്റ്റാറുമായ സെര്‍ജിയോ അഗ്യൂറോ തന്നെ ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

മെസി സിറ്റിയിലെത്താന്‍ ഏറെ ആഗ്രഹിക്കുന്ന അഗ്യൂറോ എന്നാല്‍ അതിനുളള സാധ്യത വിരളമാണെന്നാണ് വിലയിരുത്തുന്നത്. പണമല്ല ഇവിടെ പ്രശ്‌നം, മെസിയും റൊണാള്‍ഡോയും എല്ലാം അവരുടെ ക്ലബിന്റെ ചിഹ്നങ്ങളാണ്. അതിനാല്‍ തന്നെ അവര്‍ ക്ലബ് വിടുകയെന്നത് വളരെ പ്രയാസകരമാണെന്നാണ് അഗ്യൂറോ പറയുന്നത്.മെസി തന്റെ ടീമില്‍ കളിക്കുന്നത് താന്‍ ഏറെ ഇഷ്ടപ്പെടുന്നതായും. എന്നാല്‍ സാഹചര്യം വളരെ പ്രയാസകരമാണെന്നും അഗ്യൂറോ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സെപ്റ്റംബറില്‍ അഗ്യൂറോയ്ക്ക് ഒരു കാറപടകത്തില്‍ പരിക്കേറ്റിരുന്നു. ഇത് മൂലം ലോകകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണ്ണായകമായ രണ്ട് മത്സരങ്ങളില്‍ അഗ്യൂറോയ്ക്ക് കളിക്കാനായിരുന്നില്ല.

ഹോളണ്ടിലെ ആംസ്റ്റഡാമില്‍ ഒരു സംഗീത പരുപാടിയില്‍ പങ്കെടുത്ത ശേഷം വിമാനത്താവളത്തിലാക്ക് മടങ്ങുന്നതിനിടെയാണ് അഗ്യൂറോയ്ക്ക് പരിക്കേറ്റത്. അഗ്യൂറോ സഞ്ചരിച്ച കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇതോടെ താരത്തിന്റെ വാരിയെല്ലിന് നിസാര പരിക്കേറ്റിരുന്നു. പരിക്ക് മാറി അഗ്യൂറോ സിറ്റി ക്യാമ്പില്‍ വീണ്ടും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.

നേരത്തെ മെസിയെയോ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയോ അടുത്ത സമ്മര്‍ സീസണിലെ ട്രാന്‍സ്ഫറില്‍ റാഞ്ചുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പറഞ്ഞിരുന്നു. പണം ചിലവാക്കാന്‍ മടിയില്ല, ക്ലബ്ബിന് നല്ല സാമ്പത്തിക ശക്തിയുണ്ടെന്നും സിറ്റി താരം ഫൊര്‍ണാണ്ടീഞ്ഞോ പറഞ്ഞു. മെസിക്ക് വേണ്ടി സിറ്റി 300 മില്യണ്‍ യൂറോ(2500 കോടി ഇന്ത്യന്‍ രൂപ) വിലയിട്ടതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

കൂടാതെ ബാഴ്‌സയുമായി മെസി പുതിയ കരാര്‍ ഒപ്പുവെച്ചിട്ടില്ല എന്നതും താരം സിറ്റിയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. മെസി കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോര്‍ദി മെസ്‌ട്രോ സ്ഥിരീകരിച്ചിരുന്നു.

ഖത്തര്‍ ഉടമസ്ഥതയിലുളള പിഎസ്ജി റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറെ സ്വന്തമാക്കിയത് നിലവില്‍ അവരുടെ ബദ്ധശത്രുക്കകളായ യുഎഇയെ ചൊടിപ്പിച്ചിരിക്കുകയാണെന്നും അതിന് പകരമായാണ് മെസിയെ തന്നെ പണമെറിഞ്ഞ് പിടിക്കാന്‍ സിറ്റി ശ്രമിക്കുന്നതെന്നുമായിരുന്നു അന്ന് പുറത്തു വന്ന ചില റിപ്പോര്‍ട്ടുകള്‍.

നേരത്തെ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂറുമാറിയത്. നെയ്മര്‍ക്ക് പിറകെ മെസ്സിയും ബാഴ്‌സ വിട്ടാല്‍ അത് കാറ്റാലന്‍ പടയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാകും.

Top