Chiking
Latest News

ഇരുപത് വര്‍ഷത്തെ കരിയര്‍ ജീവിതം അവസാനിപ്പിച്ച് ആശിഷ് നെഹ്‌റ പടിയിറങ്ങി

Web Desk
Indian Telegram Android App Indian Telegram IOS App

ഇരുപത് വര്‍ഷത്തെ നീണ്ട കരിയര്‍ ജീവിതം അവസാനിപ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റ പടിയിറങ്ങി. ന്യുസിലാന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തോടെയാണ് ആശിഷ് നെഹ്‌റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യക്ക് വേണ്ടി ട്വന്റി-20 ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ ബൗളറാണെങ്കിലും അവസാനമത്സരത്തില്‍ നെഹ്‌റക്ക് ഇരയെ കിട്ടിയിരുന്നില്ല. നാലോവറില്‍ 29 റണ്‍സാണ് നെഹ്‌റ വഴങ്ങിയത്.

കരിയറിന്റെ പകുതി സമയവും ഇന്ത്യന്‍ ടീമിനു പുറത്തായിരുന്നു നെഹ്‌റ. അമിത പരിശീലനം സമ്മാനിച്ച പരുക്കുകള്‍ മൂലം 12 തവണയാണു ശസ്ത്രക്രിയയ്ക്കു വിധേയനായത്. ബലക്കുറവുള്ള ഈ ശരീരം ക്രിക്കറ്റിനു യോജിച്ചതല്ലെന്ന വിമര്‍ശനങ്ങളോട് നെഹ്‌റ ഇങ്ങനെ മറുപടി പറഞ്ഞു ‘എനിക്കു ക്രിക്കറ്റല്ലാതെ മറ്റൊന്നുമറിയില്ല ആവുന്നത്ര കാലം ഞാനിതു തന്നെ ചെയ്യും’.

ഉയര്‍ച്ചയും താഴ്ച്ചയും കണ്ട കരിയറിനിടയില്‍ ഒരൊറ്റ കാര്യത്തില്‍ മാത്രമേ നെഹ്‌റയ്ക്ക് വിഷമമുള്ളു. 2003ലെ ലോകകപ്പ് ഫൈനലില്‍ തോറ്റതില്‍. ഓടാന്‍ കഴിയുന്നിടത്തോളം കാലം ഓടി നോക്കിയെന്നും ഇനി താന്‍ നടക്കേണ്ട കാലമാണെന്നും നെഹ്‌റ വ്യക്തമാക്കി. തന്റെ വിടവാങ്ങല്‍ മത്സരത്തിന് മുന്നോടിയായി പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നെഹ്‌റ.

ഇത് മഹത്തരമായ ഒരു യാത്രയായിരുന്നു. പക്ഷേ എനിക്കൊരു കാര്യത്തില്‍ മാത്രം സങ്കടമുണ്ട്. ഈ 20 വര്‍ഷത്തിനിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഏതെങ്കിലും ഒരെണ്ണത്തില്‍ മാറ്റം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് 2003ലെ ലോകകപ്പ് ഫൈനലാണ്. ജോഹന്നാസ്‌ബെര്‍ഗിലെ ആ ഉച്ചനേരം ഒരിക്കലും മറക്കില്ല. ഓസ്‌ട്രേലിയയോട് തോറ്റ ആ നിമിഷവും. അതെല്ലാം വിധിയുടെ വിളയാട്ടമാണ്.

നിങ്ങള്‍ക്ക് കുതിച്ചോടാന്‍ കഴിയുമോ?, എങ്കില്‍ കുതിക്കണം. അതിന് കഴിയില്ലെങ്കില്‍ ഓടണം. ഇനി ഓടാന്‍ കഴിയില്ലെങ്കില്‍ നടക്കണം. അതിനും പറ്റിയില്ലെങ്കില്‍ അവിടെ അവസാനിപ്പിക്കരുത്. ഇഴഞ്ഞെങ്കിലും മുന്നോട്ടുപോകണം’. നെഹ്‌റ പറയുന്നു.

Indian cricketer Ashish Nehra reacts after the dismissal of Bangladesh batsman Mohammad Mithun during a Twenty20 cricket match between India and Bangladesh for the Asia Cup T20 cricket tournament at The Sher-e-Bangla National Cricket Stadium in Dhaka on February 24, 2016. AFP PHOTO/Munir uz ZAMAN / AFP / MUNIR UZ ZAMAN (Photo credit should read MUNIR UZ ZAMAN/AFP/Getty Images)

അസറുദ്ദീന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ഫിറോസ്ഷാ കോട്‌ലാ സ്റ്റേഡിയത്തിലാണ് നെഹ്‌റ ആദ്യമായി കളിക്കാനിറങ്ങുന്നത്. വിരമിക്കാനുള്ള വേദിയായും താരം തിരഞ്ഞെടുത്തത് ഇതേ സ്റ്റേഡിയം തന്നെയാണ്. ഇതുവരെ 17 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 27 ട്വന്റി-20യിലും ഫാസ്റ്റ് ബൗളര്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. ടെസ്റ്റില്‍ 44ഉം ഏകദിനത്തില്‍ 157 വിക്കറ്റും ട്വന്റി-20യില്‍ 34 വിക്കറ്റുമാണ് നെഹ്‌റയുടെ പേരിലുള്ളത്. ഇരുപതാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവന്ന നെഹ്‌റ എഴ് ഇന്ത്യന്‍ നായകന്‍മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ്.

2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു നെഹ്‌റ. അന്ന് പാകിസ്താനെതിരായ സെമിഫൈനലില്‍ നെഹ്‌റയുടെ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. പക്ഷേ വിരലിന് പരിക്കേറ്റതിനാല്‍ ഫൈനലില്‍ നെഹ്‌റക്ക് കളിക്കാനായില്ല. അതേസമയം ഐപിഎല്ലില്‍ ബൗളിങ് പരിശീലകന്റെ സ്ഥാനത്തേക്ക് നെഹ്‌റയെ ടീമുകള്‍ പരിഗണിക്കുന്നുണ്ട്.

Top