Chiking
Latest News

സംസ്ഥാന സമിതിയിലെ വിമര്‍ശനം ശരിവച്ച് പി.ജയരാജന്‍; പാര്‍ട്ടിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും; യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത തെറ്റ്(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

കണ്ണൂര്‍ : സംസ്ഥാന സമിതിയിലെ വിമര്‍ശനങ്ങള്‍ ശരിവച്ച് പി. ജയരാജന്‍. സ്വയം വിമര്‍ശനം നടത്തി ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുമെന്ന് ജയരാജന്‍ പറഞ്ഞു. വിമർശനവും സ്വയം വിമർശനവുമില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയില്ല. എന്നെ വളർത്തിയ പാർട്ടിക്ക് എന്നെ വിമർശിക്കാനും അധികാരമുണ്ട്.  യോഗത്തില്‍ നിന്ന്  ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജയരാജന്‍ പറഞ്ഞു. തന്നോട് ആലോചിച്ചിട്ടല്ല ആൽബം തയാറാക്കിയത്. പാർട്ടി തീരുമാനിച്ച കാര്യങ്ങളാണ് കണ്ണൂർ ജില്ലാഘടകത്തിൽ നടക്കുന്നത്. കണ്ണൂരിനു മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ജയരാജൻ വ്യക്തമാക്കി.

ജയരാജന്‍ സ്വയം മഹത്വവത്കരിക്കുകയാണെന്ന് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മഹത്വവത്കരണത്തിന്റെ ഭാഗമായി ജയരാജന്‍ ജീവിതരേഖയും നൃത്തശില്‍പ്പവും തയ്യാറാക്കിയെന്നും പാര്‍ട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ നീക്കം അനുവദിക്കാനാകില്ലെന്നുമാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ജയരാജന്റെ ഇത്തരം പ്രവൃത്തികള്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ വികാരഭരിതനായാണ് പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ പ്രതികരിച്ചത്. രേഖകള്‍ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും കെ.കെ.രാഗേഷ് എംപിയാണ് രേഖകള്‍ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.

പാര്‍ട്ടി നടപടികളില്‍ പ്രതിഷേധിച്ചു സംസാരിച്ച ജയരാജന്‍ പാര്‍ട്ടി നീക്കം അമ്പരിപ്പിക്കുന്നതാണെന്നും ഇങ്ങനെയാണെങ്കില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്നും അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങി പോകുകയും ചെയ്തു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയരാജനെതിരെ സിപിഐഎം നേതൃത്വം നടപടി സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ജയരാജനെ അനുകൂലിച്ച് ഇറങ്ങിയ രേഖകള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയായി. ചര്‍ച്ചയ്ക്കും ജയരാജന്റെ മറുപടിക്കും ശേഷം അവ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.

തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതിയില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ജയരാജനെതിരെ നീക്കങ്ങള്‍ ഉണ്ടായത്. ജയരാജനെതിരെ ചില നീക്കങ്ങള്‍ നടക്കുന്നതായി സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത്ര കടുത്ത നടപടിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് പുറത്തറിഞ്ഞിരുന്നില്ല.

സിപിഐഎമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയില്‍ സുപ്രധാനിയായ നേതാവാണ് പി.ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊപ്പം നിര്‍ണായക സ്വാധീനമാണ് കണ്ണൂരിലെ പാര്‍ട്ടി സംവിധാനത്തില്‍ അദ്ദേഹത്തിനുള്ളത്.

ജയരാജനെതിരെയുണ്ടായ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ കാരണങ്ങളെന്താണെന്നോ ഈ കാര്യത്തില്‍ മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും നിലപാടുകള്‍ എന്താണെന്നോ ഈ ഘട്ടത്തില്‍ വ്യക്തമല്ല. പി.ജയരാജനെ കൂടാതെ കണ്ണൂര്‍ ലോബിയിലെ പ്രധാനികളായ ഇ.പി.ജയരാജന്‍ എം.എല്‍.എ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ എന്നീ നേതാക്കളുടെ നിലപാടും എന്താണെന്നറിയില്ല.
വി.എസ് അച്യുതാനന്ദനെതിരായ വിമര്‍ശനങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സമീപകാലത്ത് ഇതാദ്യമായാണ് മുന്‍നിരയിലുള്ള ഒരു നേതാവിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഇത്ര കടുത്ത വിമര്‍ശനമുയരുന്നത്.

വിമര്‍ശനം പാര്‍ട്ടി കോട്ടയിലെ ഏറ്റവും ശക്തനായ നേതാവിനെതിരെ കൂടിയാക്കുമ്പോള്‍ അത് ജില്ലയിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ സ്വീകരിക്കും എന്ന കാര്യം നിര്‍ണായകമാണ്. തന്നെ കൊല്ലാന്‍ ശ്രമിച്ചവര്‍ക്ക് മാപ്പ് നല്‍കി സിപിഐഎമ്മിലേക്ക് കൈപിടിച്ചു കൊണ്ടുവരികയും മതവിശ്വാസികളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ന്യൂനപക്ഷസമ്മേളനവും ശ്രീകൃഷ്ണജയന്തിയും സംഘടിപ്പിച്ച പി.ജയരാജന്‍ പാര്‍ട്ടിയുടെ നടപ്പ് രീതികളില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്ന ആളാണ്.

ആ സമയത്തെല്ലാം ജയരാജനൊപ്പം ഉറച്ചു നിന്ന പാര്‍ട്ടി ഇപ്പോള്‍ എന്ത് കൊണ്ട് അദ്ദേഹത്തിന് നേരെ തിരിഞ്ഞു എന്നതാണ് ആകാംക്ഷ ഉണര്‍ത്തുന്ന ചോദ്യം. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരില്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ കേറിനിന്നു പ്രസംഗിച്ച ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയരുകയും അദ്ദേഹം അതില്‍ മാപ്പു പറയുകയും ചെയ്തിരുന്നു. സാധാരണ പാര്‍ട്ടി നടപടിയായി അതവിടെ അവസാനിക്കുകയും ചയ്തു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്. തനിക്കെതിരായ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ നിന്ന് ഇന്ന് ഇറങ്ങിപോയ പി.ജയരാജന്റെ തുടര്‍നടപടികള്‍ എന്താവും എന്നതിലേക്കാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top