Chiking
Latest News

തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എംഎം ഹസ്സന്‍; താൻ ഹാജരാകുന്നത് അഭിഭാഷകൻ എന്ന നിലയിലാണെന്ന് തന്‍ഖ

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് വിവേക് തന്‍ഖയോട് എം.എം.ഹസ്സന്‍. വിവേക് തന്‍ഖയെ ഫോണില്‍ വിളിച്ചാണ് ഹസ്സന്‍ ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാകുമ്പോള്‍ തന്‍ഖ ഹാജരാകരുത്. വിവരം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും എം.എം.ഹസ്സന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവായ തന്‍ഖയാണ് ഇന്ന് ഹൈക്കോടതിയില്‍ തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാവുക. എന്നാൽ ഹസന്റെ ആവശ്യം തൻഖ തള്ളി. താൻ ഹാജരാകുന്നത് അഭിഭാഷകൻ എന്ന നിലയിലാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.അതേസമയം തന്‍ഖ ഹാജരാകുന്നത് അറിഞ്ഞിട്ടില്ലെന്ന് ഹൈക്കമാന്‍ഡ്‌ അറിയിച്ചു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളത്തിൽ കോൺഗ്രസ് പ്രക്ഷോഭം നടത്തുമ്പോള്‍ കോൺഗ്രസ് എം.പി തന്നെ കോടതിയിൽ ഹാജരാകുന്നത് അനുചിതമാണെന്ന് ഹസൻ പറഞ്ഞു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണിതെന്നും അതിനാൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് പിന്മാറണമെന്നും ഹസൻ ആവശ്യപ്പെട്ടു.

വിവേക് തന്‍ഖയെ പിന്തിരിപ്പിക്കണമെന്ന് എഐസിസി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

തോമസ് ചാണ്ടിയുടെ സുഹൃത്തുകൂടിയായ വിവേക് തന്‍ഖ ഹൈക്കമാന്‍ഡിനെപ്പോലും അറിയിക്കാതെയാണ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത്. മധ്യപ്രദേശിലെ മുന്‍ അഡ്വക്കറ്റ് ജനറലാണ് തന്‍ഖ.

അതേസമയം  തോമസ് ചാണ്ടിക്കായി കോടതിയിൽ ഹാജരാകുന്ന  വിവേക് തൻഖയ്ക്കു നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി.  ഹോട്ടലിൽ നിന്ന് കോടതിയിലേക്ക് പോകാനായി തൻഖ ഇറങ്ങിയപ്പോഴാണ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. തൻഖ‍യെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വാട്ടര്‍വേള്‍ഡ് കമ്പനിയുടെ കയ്യേറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന മന്ത്രിയുടെ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള മറ്റു മൂന്ന് ഹര്‍ജികളും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ പരിഗണനയ്ക്ക് വരും. ഇതിലെ ഒരു കേസ് പരിഗണിക്കേയാണ് മന്ത്രിയ്ക്കും സാധാരണക്കാരനും രണ്ടു നീതിയുണ്ടോ എന്ന പരാമര്‍ശം കോടതി നടത്തിയത്.

Top