Chiking
Latest News

സ്ത്രീയല്ലേ, ഒന്നു ഭീഷണിപ്പെടുത്തിയാല്‍ തളരുമെന്ന് അവര്‍ കരുതി; ഇന്ന് എന്റെ നിലനില്‍പ്പിന്റെ കേന്ദ്രബിന്ദു മക്കളാണ്: പ്രിയാ രാമന്‍

Web Desk
Indian Telegram Android App Indian Telegram IOS App

മലയാളത്തിലും തമിഴും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടിയാണ് പ്രിയ രാമന്‍. രജനികാന്തിന്റെ നായികയായി വള്ളി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ പ്രിയ മലയാളത്തില്‍ ആറാംതമ്പുരാന്‍, കശ്മീരം, സൈന്യം തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി. നടനും നിര്‍മാതാവുമായ രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമ ഉപേക്ഷിച്ചു. പിന്നീട് ഇരുവരും വിവാഹമോചിതരായി. രണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രിയ ബിസിനസിലേക്ക് കടന്നു. ഇപ്പോള്‍ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ്. ബിസിനസ് ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് ഒരു മാഗസിനിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ.

പ്രിയാ രാമന്റെ വാക്കുകള്‍:

ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു. പണ്ട് കരിയറില്‍ മാത്രം ഫോക്കസ് ചെയ്തിരുന്ന പെണ്‍കുട്ടിയായിരുന്ന ഞാന്‍. സിനിമ മാത്രമായിരുന്നു മുന്നില്‍. ആ മനസ്സ് ഇപ്പോഴില്ല. ഇന്നെന്റെ നിലനില്‍പ്പിന്റെ കേന്ദ്രബിന്ദു മക്കളാണ്. അവരാണ് ഓരോ നിമിഷവും തീരുമാനിക്കുന്നത്.

ജീവിതത്തില്‍ ആര്‍ക്കും വ്യക്തിത്വം മറികടന്ന് ഒരുകാര്യം ചെയ്യാനാകില്ല. അങ്ങനെ ചെയ്യുന്നതൊക്കെ വെറും അഭിനയം മാത്രമായിപ്പോകും. പ്രത്യേകിച്ച് ക്രിയേറ്റീവ് ആളുകള്‍. സ്വന്തമായി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നൊക്കെ മനസ്സിലുള്ള ഒരാള്‍ അതിനൊക്കെ ചങ്ങലയിട്ടു പൂട്ടിയാല്‍ ഏതെങ്കിലും ഘട്ടത്തില്‍ വെച്ച് അത് പൊട്ടിത്തെറിക്കുകയേ ഉള്ളൂ. ഞാനൊരിക്കലും എന്റെ ആഗ്രഹങ്ങളെ ചങ്ങലയ്ക്കിട്ട് നിര്‍ത്തി മറ്റൊരാളായി ജീവിച്ചിട്ടില്ല.

Image result for priya raman

ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് വരാം എന്ന് തീരുമാനിച്ചത്. കുട്ടികളുടെ പ്രായമൊക്കെ കണക്കിലെടുത്ത് മാറിനില്‍ക്കുകയായിരുന്നു. മൂത്തമകന്‍ ആദിത്യന് പത്തുവയസായി. രണ്ടാമത്തെ മകന്‍ ആകാശിന് ആറ് വയസ്.

ഏതൊരു കുട്ടിയുടെയും ജീവിതത്തില്‍ ആദ്യ ഏഴു വര്‍ഷം വളരെ പ്രാധാന്യമുള്ള സമയമാണ്. ആ കാലഘട്ടത്തിലാണ് മാതാപിതാക്കളോടുള്ള ആത്മബന്ധം കൂടുന്നത്. മക്കളുടെ ആ പ്രായത്തില്‍ ഒരു കോംപ്രമൈസിനും ഞാന്‍ തയാറായില്ല. ഇപ്പോഴവര്‍ മുതിര്‍ന്നില്ലേ. വീണ്ടും അഭിനയിച്ചു തുടങ്ങിയാല്‍ അവരുടെ കാര്യങ്ങള്‍ക്ക് അതൊരു തടസ്സമാകില്ലെന്ന് തിരിച്ചറിഞ്ഞു.

സെലബ്രിറ്റി എന്ന വിലാസം തന്നെയായിരുന്നു എന്റെ വിസിറ്റിങ് കാര്‍ഡ്. അതൊരു അനുഗ്രഹം തന്നെയായിരുന്നു. ഒരുപാട് സമയം എടുക്കേണ്ട പല കാര്യങ്ങളും ഈ മേല്‍വിലാസം ഉള്ളതുകൊണ്ട് ലളിതമായി. പുതിയ അവസരങ്ങള്‍ ഓടിനടക്കാനുള്ള ഊര്‍ജം എല്ലാം സിനിമാ താരം എന്ന വിലാസം എനിക്ക് തന്നു.

പുരുഷന്മാര്‍ അടക്കിവാഴുന്ന ലോകമാണ് ഗ്രാനൈറ്റ് ബിസിനസ്സ്. അതെനിക്ക് തന്ന കരുത്ത് വലുതാണ്. ചെറിയ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും യാത്രകളും മീറ്റിങുകളും എല്ലാം ഉണ്ടാകും. പുരുഷന്മാര്‍ മാത്രം കൈയടക്കി വാഴുന്ന മേഖലയിലേക്ക് ഒരു സ്ത്രീ കടന്ന് ചെല്ലുമ്പോഴുള്ള പല പ്രശ്‌നങ്ങളും ഞാന്‍ നേരിട്ടുണ്ട്.

ഒന്നു പ്രഷറിലാക്കിയാല്‍ തളരുമെന്ന് കരുതുന്നവര്‍ ഒരുപാട് പേരുണ്ട്. മോശം ഭാഷയിലോ ശബ്ദമുയര്‍ത്തിയോ സംസാരിച്ചാല്‍ എതിര്‍ത്ത് നില്‍ക്കാനാകില്ലെന്നാണ് അവരുടെയൊക്കെ ധാരണ. പേടിപ്പിക്കാന്‍ വേണ്ടി കുറച്ചുപേരെ അയച്ചാലും കാര്യങ്ങള്‍ സാധിച്ചെടുക്കാം എന്നവര്‍ വിചാരിക്കും. പക്ഷേ, ബിസിനസ്സ് ചെയ്തു തുടങ്ങുമ്പോള്‍ തന്നെ ആ ധാരണകള്‍ ഞാന്‍ തിരുത്തികൊടുത്തു.

പലതരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം ധൈര്യത്തോടെ നേരിട്ടു. നമുക്കെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ചിട്ടുണ്ടെങ്കില്‍ അവരത് ചെയ്തിരിക്കും. ഭീഷണിപ്പെടുത്തുന്നവര്‍ ഭീരുക്കള്‍ മാത്രമായിരിക്കും. ഭയം മറയ്ക്കാനായാണ് അവര്‍ നമ്മളെ കുഴപ്പത്തിലാക്കാന്‍ നോക്കുന്നത്. ശക്തമായി നോ പറഞ്ഞാല്‍ പല കാര്യങ്ങളും യെസ് ആയി മാറുമെന്ന് എനിക്ക് മനസ്സിലായി. അതും തിരിച്ചറിയാനുള്ള മനക്കരുത്ത് കിട്ടി.

Top