Chiking
Latest News

ലങ്കയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാനുള്ള കാരണം വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ : ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി നിര്‍ത്തിയിരുന്നു. പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചതാണെന്നും അതല്ല, പ്രകടനം പോരാഞ്ഞിട്ടാണെന്നുമൊക്കെ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാനുള്ളതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി പാണ്ഡ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

താന്‍ ആവശ്യപ്പെട്ടിട്ടാണ് ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്നാണ് താരം പറയുന്നത്. തന്നെ ഒഴിവാക്കണമെന്ന് സെലക്ടര്‍മാരോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതനായതിനാലാണ് വിശ്രമം ആവശ്യപ്പെട്ടതെന്നും ഹര്‍ദിക് പറഞ്ഞു. ആവശ്യത്തിന് വിശ്രമം കിട്ടുന്നതിലൂടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും.

എപ്പോഴും ടീമിനായി 100 ശതമാനം മികവ് പുറത്തെടുക്കുകയാണ് ലക്ഷ്യം. ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ ആവശ്യമായ പരിശീലനം തുടരും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 ഏകദിനങ്ങളിലും 25 ട്വന്റി-20 മത്സരങ്ങളിലും മൂന്ന് ടെസ്റ്റുകളിലും കളിച്ചു. എന്നിട്ടും ഞാന്‍ അധികമൊന്നും കളിച്ചിട്ടില്ലല്ലോ എന്ന് വിമര്‍ശിക്കുന്നവരോട് എനിക്ക് കൂടുതലൊന്നും പറയാനില്ല.മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ അവസരം കിട്ടിയതാണ് ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവ് ആയതെന്നും ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി-20 ടീമുകളില്‍ സ്ഥിരാംഗമാണ് ഇപ്പോള്‍ 24കാരനായ ഹര്‍ദിക് പാണ്ഡ്യ.
ഇതിനിടെ താരം മുംബൈ ഇന്ത്യന്‍സ് വിടുകയാണെന്നും ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പത്ത് ലക്ഷം രൂപയ്ക്ക് ടീമിലെത്തിയ താരത്തിന് ലേലത്തില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹം. ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാമെന്നതാണ് വ്യവസ്ഥ.

Top