Chiking
Latest News

തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; പരാമര്‍ശം നീക്കാന്‍ കലക്ടറെ സമീപിക്കണം

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ദേവൻ രാമചന്ദ്രനും അടങ്ങിയ ബെഞ്ചാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ബെഞ്ചില്‍ അഭിപ്രായ ഭിന്നതയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കാൻ കലക്ട‍റെ 15 ദിവസത്തിനകം സമീപിക്കണമെന്ന് ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ നിർദേശിച്ചു. എന്നാൽ കോടതിയെ സമീപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തിപരമായ പരാമർശമോ നടപടി നിർ‌ദേശമോ ഇല്ല. ഭാവിയിൽ നടപടിയുണ്ടാകുമോ എന്ന ആശങ്ക മാത്രമാണു തോമസ് ചാണ്ടിയുടേതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

തോമസ് ചാണ്ടി രാജി വയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രിസ്ഥാനത്ത് ഇരുന്ന് സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കുമെന്നും കോടതി ചോദിച്ചിരുന്നു.  ദന്ത ഗോപുരത്തില്‍നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും കോടതി വിമര്‍ശിച്ചു.

സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നതെന്നും കോടതി പരാമര്‍ശിച്ചു. മന്ത്രിസ്ഥാനത്തിന് അയോഗ്യത കല്‍പ്പിക്കാനുള്ള ഉത്തമ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കോടതി വിമര്‍ശിച്ചു. കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാണോ ശ്രമമെന്നും കോടതി ചോദിച്ചു

കലക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ കോടതിയും ഒന്നും പറയുന്നില്ല. കലക്ടറുടെ റിപ്പോര്‍ട്ട് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് മാത്രമേയൂള്ളൂ. ഈ വിഷയത്തില്‍ ഇത്തരമൊരു ഹര്‍ജിയുമായി ആയിരുന്നില്ല കോടതിയില്‍ വരേണ്ടിയിരുന്നത്. അതിന് കലക്ടറെ സമീപിച്ച് റിപ്പോര്‍ട്ടിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്ന് നേരത്തെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

ഹൈക്കോടതിയുടെ പരാമര്‍ശങ്ങൾ

‘മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിന‌ു നിലപാടെടുക്കാനാകുമോ?’ തുടങ്ങിയ ചോദ്യങ്ങളാണു കോടതി ചോദിച്ചത്.

‘നിങ്ങൾ സർ‌ക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണ്. അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണങ്ങളാണിത്. സർക്കാരിനെതിരെ കോടതിയെ സമീപിച്ചതു തെറ്റാണ്. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയിൽ ഇരിക്കാനാകും ? മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

‘സർക്കാരിനെയും കാബിനറ്റ് സെക്രട്ടറിയായ ചീഫ് സെക്രട്ടറിയെയും എതിർ കക്ഷിയാക്കി ഒരു മന്ത്രിക്ക് എങ്ങനെ ഹർജി നൽകാനാവും? ജില്ലാ കലക്ടറുടെ പരാമർശം നീക്കണമെന്നാണു മന്ത്രിയുടെ ആവശ്യം. പരാമർശങ്ങൾ നീക്കാനാണെങ്കിൽ മന്ത്രിക്കു ജില്ലാ കലക്ടറെ സമീപിക്കാമായിരുന്നുവല്ലോ എന്നും കോടതി ചോദിച്ചു.

Top