Chiking
Latest News

സുപ്രീംകോടതി വിധിക്ക് കോഴ നല്‍കിയ കേസ്: ഹര്‍ജി തള്ളി

Web Desk
Indian Telegram Android App Indian Telegram IOS App

ഡല്‍ഹി : സുപ്രീംകോടതി വിധിക്ക് കോഴ നല്‍കിയ കേസിന്റെ അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാളള്‍, എകെ മിശ്ര, എഎം ഖന്‍വില്‍കാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞദിവസം ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെതിരായി ആരോപണം കോടതിയലക്ഷ്യമാണെന്ന് കോടതി വിലയിരുത്തി. അതേസമയം ഹര്‍ജിക്കാരായ കാമിനി ജയ്‌സ്വാള്‍ പ്രശാന്ത് ഭൂഷണെയും ശിക്ഷിക്കുന്നില്ലെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു. ആരോപണങ്ങള്‍ അവഹേളനപരമാണ്. അതേസമയം കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്നില്ല. ഈ മഹത്തായ സ്ഥാപനത്തിന്റെ ക്ഷേമത്തിന് വേണ്ടി എല്ലാവര്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാം. ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നതായും വിധി വായിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

സുപ്രീം കോടതിയില്‍ അനുകൂലവിധി കിട്ടാന്‍ ജഡ്ജിമാരടക്കം കൈക്കൂലി കൊടുത്തതിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹര്‍ജി സമര്‍പ്പിച്ചത്.

നേരത്തെ ഇതേ വിഷയവുമായി ബന്ധപ്പെട്ട് അഡ്വ. കാമിനി ജയ്‌സ്വാളിന്റെ മറ്റൊരു ഹര്‍ജിയില്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ആ വിധി റദ്ദാക്കിയ ചീഫ് ജസ്റ്റിസ് തന്റെ ബെഞ്ചിലല്ലാതെ ഒരു കോടതിയിലും മേലില്‍ പുതിയ ഹര്‍ജികള്‍ പരാമര്‍ക്കരുതെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഭരണഘടനബെഞ്ചിലാകുമ്പോള്‍ രണ്ടാമനായ ജഡ്ജിയുടെ മുന്നില്‍ പുതിയ ഹര്‍ജികള്‍ പരാമര്‍ശിക്കണമെന്ന കീഴ്‌വഴക്കമനുസരിച്ചായിരുന്നു കാമിനി ജയ്‌സ്വാള്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചില്‍ വിഷയമുന്നയിച്ചതും അനുകൂലവിധി നേടിയെടുത്തതും.

എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടി ആരോപണവിധേയനായ വിഷയം പരിശോധിക്കാന്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന അഞ്ചംഗ ബെഞ്ച് രൂപവത്കരിക്കണമെന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ വിധി അസാധുവാക്കാനാണ് ദീപക് മിശ്ര തനിക്കൊപ്പമിരുന്ന ജസ്റ്റിസുമാരായ ജെ. അരുണ്‍ മിശ്ര, ആര്‍കെ അഗര്‍വാള്‍, ജെ ഖാന്‍വില്‍കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചുണ്ടാക്കിയത്.

ചീഫ് ജസ്റ്റിസ് ആകുന്നതിന് മുമ്പ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ളവരുടെ ബെഞ്ചില്‍ നിന്ന് സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂല വിധിയുണ്ടാകാന്‍ കൈക്കൂലി നല്‍കിയയെന്ന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസാണ് വിവാദത്തിന് ആധാരം. ഈ കേസില്‍ ഒഡിഷ ഹൈക്കോടതി മുന്‍ ജസ്റ്റിസ് ഖുദ്ദൂസി അടക്കമുള്ളവരെ സിബിഐ അറസ്റ്റ് ചെയ്‌തെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നാണ് പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

Top