Chiking
Latest News

പാക് സൂപ്പര്‍ ലീഗില്‍ ക്രിസ് ഗെയിലിന് കനത്ത തിരിച്ചടി

Web Desk
Indian Telegram Android App Indian Telegram IOS App

വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് കനത്ത തിരിച്ചടി. പാക് സൂപ്പര്‍ ലീഗില്‍ നടന്ന താരലേലത്തില്‍ ഒരു ടീം പോലും ക്രിസ് ഗെയ്‌ലിനെ സ്വന്തമാക്കാന്‍ തയ്യാറായില്ല. ട്വന്റി-20യില്‍ 10000 റണ്‍സ് തികച്ച ചരിത്രമെഴുതിയതിന് പിന്നാലെയാണ് ഗെയ്‌ലിന് വന്‍ തിരിച്ചടിയും നേരിടേണ്ടി വന്നത്.

പാക് സൂപ്പര്‍ ലീഗിലെ കഴിഞ്ഞ രണ്ട് വര്‍ഷത്തേയും മോശം പ്രകടനമാണ് ക്രിസ് ഗെയ്‌ലിന് തിരിച്ചടിയായത്. ആദ്യ സീസണില്‍ ലാഹോര്‍ ക്വലന്തറിന് വേണ്ടി 20.60 ശരാശരിയില്‍ വെറും 103 റണ്‍സാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കറാച്ചി കിങ്‌സിന്റെ താരമായിരുന്ന ഗെയ്ല്‍ 17.77 ശരാശരിയില്‍ ആകെ 160 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്.

അതേസമയം ഗെയ്‌ലിന്റെ മോശം ഫോമാണ് താരത്തെ ടീമിലെടുക്കുന്നതില്‍ നിന്ന് ഫ്രാഞ്ചൈസികളെ അകറ്റിയതെന്ന ഒരു ഫ്രാഞ്ചൈസി ഉടമയെ ഉദ്ധരിച്ച് വിസ്ഡന്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഗെയ്ല്‍ പുറത്താകല്‍ ഭീഷണിയിലാണ്.

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് താരമാണ് ക്രിസ് ഗെയ്ല്‍. നേരത്തെ ബിഗ് ബാഷ് ലീഗിനിടെ ഗെയ്‌ലിന്റെ മോശം പെരുമാറ്റവും വിവാദമായിരുന്നു. 193 പാക് താരങ്ങളും 308 വിദേശ താരങ്ങളും അടക്കം 501 താരങ്ങളാണ് പാക് സൂപ്പര്‍ ലീഗിന്റെ താരലേലത്തില്‍ ഭാഗമായത്. 1.2 മില്യണ്‍ യുഎസ് ഡോളറാണ് ഒരോടീമിനും ചെലവാക്കാന്‍ അനുവദിച്ചിരുന്നത്.

അടുത്തിടെ വനിത മസാജ് തെറാപ്പിസ്റ്റിനെ നഗ്നത കാട്ടിയെന്ന ആരോപണവും ഗെയ്‌ലിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ സിഡ്‌നി കോടതി ഗെയ്‌ലിന് അനുകൂലമായാണ് വിധി പറഞ്ഞത്. വാര്‍ത്ത കൊടുത്ത ഫെയര്‍ഫാക്‌സ് മീഡിയ ഗെയ്‌ലിനോട് വിദ്വേഷം തീര്‍ത്തതാണെന്നായിരുന്നു ദിവസങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ കോടതിയുടെ കണ്ടെത്തിയത്.

Top