Chiking
Latest News

രണ്ടുമാസം കൊണ്ട് തുരങ്കം നിര്‍മിച്ച് ബാങ്ക് ലോക്കര്‍ തകര്‍ത്തു; മോഷ്ടാക്കള്‍ അടിച്ചുമാറ്റിയത് ഒന്നരക്കോടി

Web Desk
Indian Telegram Android App Indian Telegram IOS App

നവി മുംബൈ : മുംബൈ നഗരത്തിലെ ബാങ്കില്‍ സിനിമാക്കഥയെ വെല്ലുന്ന മോഷണം. രണ്ട് മുറികളുടെ അടിയിലൂടെ 40 അടിയോളം നീളമുള്ള തുരങ്കം നിര്‍മിച്ച് ബാങ്ക് ലോക്കര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ പണം അപഹരിച്ചത്. മുപ്പതോളം ലോക്കറുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ സ്വര്‍ണവും പണവും ഉള്‍പ്പെടെ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് കണക്കാക്കപ്പെടുന്നത്.

നവിമുംബൈയിലെ ബാങ്കി സ്ഥിതി ചെയ്യുന്ന ‘ഭക്തി റെസിഡന്‍സ്’ എന്ന കെട്ടിടത്തില്‍ത്തന്നെ മറ്റൊരു മുറി വാടകയ്‌ക്കെടുത്താണ് മോഷ്ടാക്കള്‍ ബാങ്ക് കൊള്ളയടിച്ചത്. ഈ കെട്ടിടത്തിലെ ഏഴാം നമ്പര്‍ മുറി എടുത്ത മോഷ്ടാക്കള്‍ അവിടെ ബാലാജി ജനറല്‍ സ്റ്റോഴ്‌സ് എന്ന പേരില്‍ കടയും നടത്തിയിരുന്നു. ഈ മുറിയില്‍നിന്ന് അഞ്ചടി താഴ്ചയില്‍ കുഴിയെടുത്തശേഷം തൊട്ടടുത്തുള്ള രണ്ടു കടമുറികളുടെ അടിയിലൂടെ വീണ്ടും 30 അടി നീളത്തില്‍ തുരങ്കം തീര്‍ക്കുകയായിരുന്നു.

രണ്ട് മാസം കൊണ്ടാണ് മോഷ്ടാക്കള്‍ തങ്ങളുടെ പദ്ധതി പൂര്‍ത്തീകരിച്ചത്. ബാങ്കിന്റെ ലോക്കര്‍ റൂമിനു താഴെവച്ച് അഞ്ചടി ഉയരത്തില്‍ തുരങ്കം പൂര്‍ത്തിയാക്കിയാണ് അവര്‍ പണവും സ്വര്‍ണവും മോഷ്ടിച്ചത്.

കെട്ടിടത്തില്‍ വാടകയ്‌ക്കെടുത്ത നാലു മുറികളിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം. അതേസമയം തൊട്ടടുത്തു തന്നെ കടകള്‍ ഉണ്ടായിരുന്നിട്ടും തുരങ്കനിര്‍മാണം ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നത് പൊലീസിന് വെല്ലുവിളിയാകുന്നു.തൊട്ടടുത്ത കടയില്‍ ഒരു സെക്യുരിറ്റി ഏജന്‍സിയാണ് പ്രവര്‍ത്തിക്കുന്നതെന്നതാണ് ഏറ്റവും രസകരം.

രാത്രിയില്‍ തുരങ്കം നിര്‍മ്മിക്കുന്ന മോഷ്ടാക്കള്‍ മണ്ണും അവശിഷ്ടങ്ങളും മറ്റും രാത്രിയില്‍ തന്നെ പുറത്തുകൊണ്ടുപോയി കളയുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെ മോഷ്ടാക്കള്‍ ലോക്കറിന് അരികില്‍ എത്തിയതായി പൊലീസ് കരുതുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ച് ലോക്കറുകള്‍ തകര്‍ത്തിട്ടുണ്ടാകുമെന്നുമാണ് പൊലീസ് നിഗമനം.

ആറു മാസം മുന്‍പ് ജെനാ ബെച്ചന്‍ എന്നരാളാണ് ഈ കടമുറി വാടകയ്‌ക്കെടുത്തത്. ഏതാനും മാസം കട നടത്തിയ ഇയാള്‍, രണ്ടുപേരെ കട ഏല്‍പ്പിച്ചതായി ഉടമയെ അറിയിച്ച് സെപ്റ്റംബറില്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. കടമുറി വാടകയ്‌ക്കെടുത്ത അന്നു മുതല്‍ മോഷ്ടാക്കള്‍ ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതി തുടങ്ങിയിട്ടുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

അതേസമയം ബാങ്കില്‍ പലയിടത്തും സിസിടിവി ക്യാമറയുണ്ടെങ്കിലും ലോക്കര്‍ റൂമില്‍ ഉണ്ടായിരുന്നില്ല. ഇത് അന്വേഷണത്തിനു വെല്ലുവിളിയാണ്. കെട്ടിടത്തിനു പുറത്തെ ഒരേയൊരു സിസിടിവി ക്യാമറയില്‍ മോഷ്ടാക്കള്‍ വാടകയ്‌ക്കെടുത്ത ബാലാജി സ്റ്റോറിന്റെ ദൃശ്യങ്ങളും വ്യക്തവുമല്ല.

ഒന്നിലധികം പേര്‍ ചേര്‍ന്നായിരിക്കണം ഈ മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ബാങ്കിന്റെ കൃത്യമായ ലേ ഔട്ട് വെച്ചു തന്നെയായിരുന്നു സംഘം തുരങ്കം നിര്‍മ്മിച്ചത്. എന്നിരുന്നാലും ബാങ്കിന്റെ പ്രധാന സേഫിലോ ട്രഷറി റൂമിലോ സംഘം കൈവെച്ചില്ല. കേസില്‍ ലോക്കര്‍ റൂമില്‍ നിന്നും കൊള്ളക്കാരുടെ വിരലടയാളം പോലീസ് എടുത്തിട്ടുണ്ട്.

അടുത്തിടെ ജാര്‍ഖണ്ഡില്‍ നടന്ന സമാനമായ മോഷണത്തിനും ഈ സംഘത്തിന് പങ്കുണ്ടൊയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ആറു സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടത്തുന്നത്.

Top