Chiking
Latest News

സഞ്ജു സാംസണ്‍ തന്റെ കരിയറിന് ഭീഷണിയാണെന്ന് ദിനേഷ് കാര്‍ത്തിക്

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണും റിഷഭ് പന്തും തന്റെ സ്ഥാനത്തിന് ഭീഷണിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്. അതിനാല്‍ തന്നെ മികച്ച കളി പുറത്തെടുക്കാനുളള സമ്മര്‍ദ്ദം താന്‍ അനുഭവിക്കുന്നുണ്ടെന്നും കാര്‍ത്തിക് പറയുന്നു.

കൃത്യസമയത്ത് രവി ശാസ്ത്രി നല്‍കിയ വിലപ്പെട്ട ഉപദേശങ്ങളാണ് തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാം ഇതെന്നും കാര്‍ത്തിക് വ്യക്തമാക്കി.

ന്യൂസിലാന്‍ഡിനെതിരെ പരമ്പരയില്‍ ബാറ്റ് ചെയ്ത രീതിയില്‍ സംതൃപ്തിയുണ്ട്. ഇനിയും അവസരം കിട്ടിയാല്‍ ലക്ഷ്യമിടുന്നതും ഇത്തരമൊരു പ്രകടനം തന്നെയാണ്. പലപ്പോഴും കോച്ച് ശാസ്ത്രിയുടെ ഉപദേശങ്ങള്‍ കരിയറില്‍ ഗുണംചെയ്തിട്ടുണ്ട്. ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനായി അദേഹവുമായി ദീര്‍ഘനേരം സംസാരിക്കാറുണ്ടെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

2004ല്‍ ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയശേഷം കാര്‍ത്തിക് പലപ്പോഴും ടീമിന് പുറത്തായിട്ടുണ്ട്. അതുപോലെ തന്നെ നിരവധി തവണ തിരിച്ചും വന്നിട്ടുണ്ട്.ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഏറ്റവുമധികം തിരിച്ചുവരവുകള്‍ നടത്തിയ താരവും ഈ തമിഴ്‌നാട്ടുകാരനാകും.

ചാമ്പ്യന്‍സ് ട്രോഫിയില്‍ മനീഷ് പാണ്ഡ്യയ്ക്കു പകരക്കാരനായാണ് കാര്‍ത്തിക് ടീമിലെത്തിയത്. കരീബിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും മനീഷ് പാണ്ഡ്യ തിരിച്ചെത്തിയതോടെ ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വീണ്ടും ടീമിന് പുറത്തായിരുന്നു.

നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ ബോര്‍ഡ് പ്രസിഡന്‍സ് ഇലവനായി സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഇതിന് പിന്നാലെ സഞ്ജുവിനെ പ്രശംസിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.143 പന്തില്‍ 19 ഫോറും 1 സിക്‌സും സഹിതമായിരുന്നു സഞ്ജുവിന്റെ 128 റണ്‍സ്.

Top