Chiking
Latest News

തോമസ് ചാണ്ടി തിരുവനന്തപുരത്തേക്ക്; സുപ്രീം കോടതിയെ സമീപിച്ചേക്കും

Web Desk
Indian Telegram Android App Indian Telegram IOS App
 
കൊച്ചി∙ കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടിവന്ന മന്ത്രി തോമസ് ചാണ്ടി ഡൽഹി യാത്ര റദ്ദാക്കി. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം തിരുവനന്തപുരത്തെത്തും. കേന്ദ്രനേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്ക് ഡൽഹിക്കു പോകുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം, ഹൈക്കോടതി വിധിക്കെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. റിട്ട് ഹർജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
അതിനിടെ, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ കൂടിക്കാഴ്ച നടത്തി. തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചും പാർട്ടിയെടുക്കേണ്ട നിലപാടിനെക്കുറിച്ചും ചർച്ചയായി. എന്നാൽ ഇതു സംബന്ധിച്ച് വ്യക്തമായ മറുപടികളൊന്നും ഉണ്ടായിട്ടില്ല.
കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജിയാണ് അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത്. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി.
Top