Chiking
Latest News

ട്രെയിനുകളില്‍ ഉത്സവസമയങ്ങളില്‍ ഉയര്‍ന്ന നിരക്കും തിരക്കുകുറഞ്ഞ സമയങ്ങളില്‍ കുറഞ്ഞനിരക്കും ഈടാക്കാനുള്ള നിര്‍ദേശം റെയില്‍വേ പരിഗണിക്കുന്നു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ഉത്സവസമയങ്ങളില്‍ ഉയര്‍ന്ന നിരക്കും തിരക്കുകുറഞ്ഞ സമയങ്ങളില്‍ കുറഞ്ഞനിരക്കും ഈടാക്കാനുള്ള നിര്‍ദേശം റെയില്‍വേ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ഈ മാസം 31ന് അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞദിവസം റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തത്. റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരും വിവിധ സോണുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.അതിവേഗ തീവണ്ടികളില്‍ സമയലാഭത്തിനനുസരിച്ച് അധികനിരക്ക് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്.

ദീപാവലി, ദുര്‍ഗാപൂജ, ഛാട്ട് പൂജ, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലങ്ങളിലും വാരാന്ത്യങ്ങളിലും യാത്രക്കാരുടെ തിരക്ക് വര്‍ധിക്കും. ഈ സമയത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്നാണ് യോഗത്തില്‍വന്ന പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഉത്സവകാലങ്ങളില്‍ 10 മുതല്‍ 20 ശതമാനംവരെ നിരക്കുവര്‍ധന ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ഒരു രാത്രികൊണ്ട് നിശ്ചിതലക്ഷ്യത്തില്‍ എത്തുന്ന വണ്ടികള്‍, പാന്‍ട്രി കാര്‍ ഉള്ള വണ്ടികള്‍ എന്നിവയില്‍ അധികനിരക്ക് ഏര്‍പ്പെടുത്തുക, ഇഷ്ടപ്പെട്ട ബെര്‍ത്തുകള്‍ ലഭിക്കാന്‍ 20 രൂപ അധികഫീസ് നല്‍കുക തുടങ്ങിയവയും പരിഗണനയിലുള്ള നിര്‍ദേശങ്ങളാണ്.

അസമയങ്ങളില്‍ യാത്രാലക്ഷ്യത്തില്‍ എത്തിച്ചേരുന്ന തീവണ്ടികളില്‍ നിരക്കിളവ് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. യാത്രയ്ക്കിടയില്‍ ഒഴിവായിക്കിടക്കുന്ന ബെര്‍ത്തുകളില്‍ 10 മുതല്‍ 30 ശതമാനംവരെ ഇളവ് ഏര്‍പ്പെടുത്തും. തീവണ്ടി പുറപ്പെടുന്ന ഘട്ടത്തിലും യാത്ര അവസാനിപ്പിക്കുന്ന ഘട്ടത്തിലുമാണ് ഈ ഇളവ് നല്‍കുന്നത്. അതിവേഗ തീവണ്ടികളില്‍ യാത്രചെയ്യുന്നവര്‍ അധികനിരക്ക് നല്‍കണമെന്ന് യോഗത്തില്‍ ചില ഉദ്യോഗസ്ഥര്‍ നിര്‍ദേശം ഉന്നയിച്ചു. ഇത്തരം വണ്ടികളില്‍ യാത്രക്കാര്‍ നേടുന്ന സമയലാഭത്തിന് മണിക്കൂര്‍ കണക്കിന് നിരക്ക് ഈടാക്കാനാണ് നിര്‍ദേശം.

Top