Chiking
Latest News

പ്രവര്‍ത്തന രീതി ശരിയല്ല; വിരുന്ന് ബഹിഷ്‌കരിച്ച് കിരണ്‍ ബേദിക്കെതിരെ അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ പ്രതിഷേധം

Web Desk
Indian Telegram Android App Indian Telegram IOS App

പുതുച്ചേരി: ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ച് അണ്ണാ ഡിഎംകെ എംഎല്‍എമാര്‍. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ഔദ്യോഗിക വസതിയായ രാജ് നിവാസില്‍ വിളിച്ചു ചേര്‍ത്ത വിരുന്നില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു നിന്നാണ് എംഎല്‍എമാരുടെ പ്രതിഷേധം. കിരണ്‍ ബേദിയുടെ പ്രവര്‍ത്തന രീതി ശരിയല്ലെന്ന് ആരോപിച്ചായിരുന്നു വിരുന്നില്‍ നിന്ന് അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ വിട്ടുനിന്നത്. പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായ എ.അന്‍പഴകന്‍ നാല് എംഎല്‍എമാര്‍ വിട്ടുനിന്ന കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

പ്രധാന പ്രതിപക്ഷമായ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്(എഐഎന്‍ആര്‍സി) എംഎല്‍എമാരും വിരുന്നില്‍ നിന്നു വിട്ടു നിന്നത് ശ്രദ്ധേയമായി. എന്നാല്‍ എന്തുകൊണ്ടാണ് വിരുന്ന് ഉപേക്ഷിച്ചതെന്നതിന്റെ വിശദീകരണം പാര്‍ട്ടി ഇതുവരെ നല്‍കിയിട്ടില്ല. നേരത്തേ ഭരണപക്ഷത്തു നിന്ന് കോണ്‍ഗ്രസിന്റെയും അണ്ണാഡിഎംകെയുടെയും ആരോപണങ്ങള്‍ കിരണ്‍ ബേദിക്കു നേരെ ഉയര്‍ന്നപ്പോള്‍ എഐഎന്‍ആര്‍സി പ്രതിരോധിച്ചിരുന്നു. ബിജെപിയോടു ചേര്‍ന്നായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് റിപ്പബ്ലിക് ദിന വിരുന്നിലെ അസാന്നിധ്യം ചോദ്യചിഹ്നമാകുന്നത്.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള വിരുന്നില്‍ നിന്ന് കോണ്‍ഗ്രസ്, എഐഎന്‍ആര്‍സി എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. അന്ന് മുഖ്യമന്ത്രി വി.നാരായണസാമി മാത്രം ഹ്രസ്വസന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. ബിജെപി എംഎല്‍എമാരും അന്നു പങ്കെടുത്തു. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദവും എംഎല്‍എമാരെ നാമനിര്‍ദേശം ചെയ്തതുമായി ബന്ധപ്പെട്ടും ഗവര്‍ണറും ഭരണപക്ഷവും കൊമ്പു കോര്‍ക്കുന്നത് പതിവായിരുന്നു. 2016ല്‍ സ്ഥാനമേറ്റതു മുതല്‍ ഈ ശീതസമരമുണ്ട്.

ബേദിയെ ഹിറ്റ്‌ലറാക്കി ചിത്രീകരിച്ച് കോണ്‍ഗ്രസ് പോസ്റ്റര്‍ പുറത്തിറക്കിയതും വിവാദമായിരുന്നു. ബിജെപിയുടെ പുതുച്ചേരി അധ്യക്ഷന്‍ വി.സ്വാമിനാഥന്‍, ട്രഷറര്‍ കെ.ജി.ശങ്കര്‍, എസ്.ശെല്‍വഗണപതി എന്നീ മൂന്നു ബിജെപി നേതാക്കളെയാണ് ബേദിയും കേന്ദ്രവും നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഇതു പുതുച്ചേരി സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രതിഷേധം.

പുതുച്ചേരിയിലെ ബേദിയുടെ ‘ജനാധിപത്യവിരുദ്ധ’ നയങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നല്‍കുമെന്നും മുഖ്യമന്ത്രി നാരായണസാമി പറഞ്ഞിരുന്നു. ദൈനംദിന ഭരണത്തില്‍ ലഫ്.ഗവര്‍ണര്‍ അനാവശ്യമായി കൈകടത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

Top