Chiking
Latest News

ഒരു ബെഞ്ചിലെ പല ജീവിതങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍ ചെലവിട്ടത് 10 വര്‍ഷം;അടുക്കള ജനാലയിലൂടെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

ഉക്രേനിയന്‍ ഫോട്ടോഗ്രഫാറായ കോട്ടെന്‍കോ ഒരു ദശാബ്ദത്തോളമായി ഒരു പ്രത്യേക പ്രൊജക്ടിലായിരുന്നു. ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് ചിത്രങ്ങളെടുക്കുക. തന്റെ വീട്ടിലെ അടുക്കള ജനാലയിലൂടെ കാണാന്‍ കഴിയുന്ന പാര്‍ക്കിലെ ഒരു ബെഞ്ചായിരുന്നു കോട്ടെന്‍കോയുടെ ഫോട്ടോകളിലെ കേന്ദ്ര കഥാപാത്രം. ഈ ബെഞ്ചിലിരിക്കാന്‍ എത്തുന്ന പല ജീവിതങ്ങള്‍ കോട്ടെന്‍കോ ക്യാമറക്കണ്ണുകളിലാക്കി. ബെഞ്ചിന്റെ പെയിന്റിന്റെ നിറം ഇടയ്ക്ക് മാറിയെന്നത് ഒഴിച്ചാല്‍ കാര്യമായ മാറ്റമൊന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് തന്റെ കേന്ദ്ര കഥാപാത്രത്തിന് സംഭവിച്ചിട്ടില്ലെന്ന് കോട്ടെന്‍കോ പറയുന്നു. ” ചിത്രമെടുക്കാന്‍ പ്രത്യേക സമയമോ ലക്ഷ്യമോ ഒന്നുമില്ലായിരുന്നു. അടുക്കളയുടെ ജനാലയ്ക്കടുത്ത് ചെന്ന് തോന്നുമ്പോള്‍ ചിത്രമെടുക്കും”,കോട്ടെന്‍കോ കൂട്ടിച്ചേര്‍ത്തു.

നല്ലതും ചീത്തതുമായി ഒരുപാട് കാര്യങ്ങള്‍ അവിടെ സംഭവിച്ചിട്ടുണ്ട്. ചീത്ത കാര്യങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അത് വഴി പോകുമ്പോള്‍, മദ്യപിച്ച് ചിലര്‍ അവിടെ കിടക്കുന്നത് കാണാറുണ്ട്. പാമ്പുകളെ പോലെ അവര്‍ ചിലപ്പോള്‍ ഇഴയുന്നത് കാണാം. അതായിരുന്നു ഞാന്‍ കാണാറുള്ളതില്‍ വെച്ച് ഏറ്റവും മോശമായ കാഴ്ച. വീടിന് പുറത്തേക്കിറങ്ങിയാല്‍ ഞാനും അവരെ പോലെയാകുമെന്ന് അന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു- കോട്ടെന്‍കോ പറഞ്ഞു.

താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സംയോജിപ്പിച്ച് ജനുവരി 26 വരെ കോട്ടെന്‍കോ കെവൈഐവി ആര്‍ട്ട് പബ്ബില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രപ്രദര്‍ശനത്തിന് ലഭിച്ചത്. ചിലര്‍ ചിത്രങ്ങള്‍ കണ്ട് ചിരിച്ചു. കോട്ടെന്‍കോയുടെ ചിത്രങ്ങള്‍ മദ്യപാന്മാരിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.

2017ല്‍ കോട്ടെന്‍കോ ഈ വീട്ടില്‍ നിന്ന് താമസം മാറ്റിയിരുന്നു. എന്നാലും കോട്ടെന്‍കോയുടെ മാതാപിതാക്കള്‍ ഇവിടെ തന്നെയാണ് താമസം. അതിനാല്‍ തന്റെ പ്രൊജക്ടിന് തടസമില്ലെന്ന് കോട്ടെന്‍കോ പറയുന്നു. പുതിയ വീട്ടില്‍ നിന്ന് 1 കിലോമീറ്റര്‍ നടന്ന് തന്റെ പഴയ വീട്ടിലെത്തി അടുക്കള ജനാലയിലൂടെ പുറത്തുള്ള ബഞ്ചിലെ ചിത്രമെടുക്കാന്‍ കോട്ടെന്‍കോ ഇപ്പോഴും ഇടയ്ക്കിടെയെത്താറുണ്ട്.

Top