Chiking
Latest News

ഐഎസ് തലവന്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്

Web Desk
Indian Telegram Android App Indian Telegram IOS App

വാഷിങ്ടന്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ സിറിയയിലെ റാഖ്ഖയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് അഞ്ച് മാസത്തോളം ബഗ്ദാദിക്കു സംഘടനയുടെ നേതൃത്വത്തില്‍ ദൈനംദിന ഇടപെടാന്‍ കഴിയാതെ വന്നിരുന്നുവെന്നും യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐഎസ് ഭീകരര്‍ തടവിലാക്കിയിരുന്നവരാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ബാഗ്ദാദിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതെന്നാണ് വിവരം. വടക്കന്‍ സിറിയയിലെ അഭയാര്‍ഥികളും അമേരിക്കയ്ക്ക് ബാഗ്ദാദിയെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. മിസൈലുകള്‍ റാഖ്ഖയില്‍ പതിച്ചപ്പോള്‍ ബഗ്ദാദി അവിടെ ഉണ്ടായിരുന്നുവെന്നതിന്റെ വിശ്വസനീയമായ വിവരം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്.

അതീവ ഗുരുതര പരുക്കുകള്‍ അല്ലെങ്കിലും സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ബഗ്ദാദിക്കു കഴിഞ്ഞില്ല. ആ സമയമാണ് ഇറാഖ് നഗരമായ മൊസൂളിനെ സൈന്യം ഐഎസില്‍നിന്നു യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ മോചിപ്പിച്ചത്.

അതേസമയം, ബഗ്ദാദിയെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിലാണോ അതോ ഐഎസിനുനേര്‍ക്കുണ്ടായ ആക്രമണത്തിലാണോ പരിക്കേറ്റതെന്നു വ്യക്തമല്ല. മാത്രമല്ല, ആരു നടത്തിയ വ്യോമാക്രമണത്തിലാണ് പരിക്കു പറ്റിയെന്നതിലും വ്യക്തതയില്ല. ഏതു ദിവസം ഉണ്ടായ വ്യോമാക്രമണത്തിലാണു പരിക്കു പറ്റിയതെന്നു തിരിച്ചറിയാനാകാത്തതിനാല്‍ റഷ്യന്‍ മിസൈലാണോ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ആക്രമണത്തിലാണോ പരുക്കേറ്റതെന്നും അറിയാനായിട്ടില്ല.

എന്നാല്‍ തങ്ങളുടെ വ്യോമാക്രമണത്തില്‍ ബഗ്ദാദിയെ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നു റഷ്യ വെളിപ്പെടുത്തിയ നാളുകളോടു ചേര്‍ന്നാണു പരുക്കേറ്റതെന്ന വിവരമാണു പുറത്തുവരുന്നത്. മേയ് 28നു നടത്തിയ വ്യോമാക്രമണത്തില്‍ ബദ്ഗാദി കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാദമാണ് റഷ്യ നടത്തിയത്. എന്നാല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്നു പല തവണ വ്യാജ വാര്‍ത്ത വന്നതിനാല്‍ റഷ്യയുടെ വാദങ്ങള്‍ക്കു കാര്യമായ പിന്തുണ ലഭിച്ചില്ല. മാത്രമല്ല, വ്യക്തമായ തെളിവു നല്‍കാന്‍ റഷ്യയ്ക്കു കഴിഞ്ഞിരുന്നുമില്ല.

2014 ജൂലൈയില്‍ ഇറാഖിലെ മൊസൂളിലുള്ള അല്‍ നൂറി പള്ളിയില്‍ പ്രത്യക്ഷപ്പെട്ടതുമാത്രമാണു ബഗ്ദാദിയെ പൊതുമധ്യത്തില്‍ കണ്ടതായുള്ള ഏക വിവരം. പിന്നീട് ബഗ്ദാദിയുടേതെന്ന പേരില്‍ നിരവധി ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവരിക മാത്രമാണുണ്ടായത്.

2017 മെയ് 28ന് നടന്ന വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുണ്ടെന്ന അവകാശവാദം റഷ്യ ഉന്നയിച്ചിരുന്നു. ഇതിന് മുമ്പ് പലതവണ ബാഗ്ദാദിയുടെ മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നതിനാല്‍ റഷ്യയുടെ വാദം വിലപ്പോയിരുന്നില്ല.

Top