Chiking
Latest News

ജിദ്ദയില്‍ വ്യാപക പൊടിക്കാറ്റ്

Web Desk
Indian Telegram Android App Indian Telegram IOS App

ജിദ്ദ: ജിദ്ദയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റ്. ഇന്നലെ രാവിലെ 11 മണിയോടെയാണ് പൊടിക്കാറ്റ് അടിച്ചുവീശാന്‍ തുടങ്ങിയത്. രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ മേഖലയില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുണ്ടാകുമെന്നും ദൂരക്കാഴ്ച ഒരു കിലോമീറ്ററില്‍ താഴെയായിരിക്കുമെന്നും കാലാവസ്ഥ വിഭാഗവും സിവില്‍ ഡിഫന്‍സും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ മുന്‍കരുതലെടുത്തിരുന്നു.

മേഖലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നലെ അവധി നല്‍കി. ആരോഗ്യ കാര്യാലയം ആശുപത്രികള്‍ക്കും മെഡിക്കല്‍ കേന്ദ്രങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും കൊടുത്തിരുന്നു. ശക്തമായ കാറ്റും ദൂരക്കാഴ്ച കുറഞ്ഞതും ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ കപ്പലുകളുടെ പോക്കുവരവിനെ ബാധിച്ചു. കാറ്റ് കനത്തതോടെ 11.30ന് പോര്‍ട്ടിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായി പോര്‍ട്ട് മേധാവി അബ്ദുല്ല അല്‍സംഇ പറഞ്ഞു.

എന്നാല്‍, വ്യോമഗതാഗതത്തെ പൊടിക്കാറ്റ് ബാധിച്ചില്ലെന്ന് ജിദ്ദ വിമാനത്താവള പബ്ലിക് റിലേഷന്‍ മീഡിയ വിഭാഗം മേധാവി തുര്‍ക്കി അല്‍ദീബ് പറഞ്ഞു. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിരുന്നു. യാത്രക്കാരുടെ സുരക്ഷക്ക് വേണ്ട മുന്‍കരുതലെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. മക്ക, ബഹ്‌റ, ദഹ്ബാന്‍, അസ്ഫാന്‍, തുവല്‍, ശുഅൈബ എന്നിവടിങ്ങളിലും പൊടിക്കാറ്റുണ്ടായി. ചിലയിടങ്ങളില്‍ ദൂരകാഴ്ച 500 മീറ്ററിന് താഴെയെത്തിയതായി മക്ക ഗവര്‍ണറേറ്റ് ട്വിറ്ററില്‍ വ്യക്തമാക്കി.

ജിദ്ദയില്‍ പൊടിക്കാറ്റ് ഇന്നും തുടരുമെന്ന് കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി കാലാവസ്ഥ ഗവേഷണ കേന്ദ്രം മേധാവി ഡോ. മന്‍സൂര്‍ അല്‍മസ്‌റൂഇ പറഞ്ഞു. ബുധനാഴ്ചയോടെ മേഖലയുടെ മുഴുവന്‍ ഭാഗങ്ങളിലും നല്ല കാലാവസ്ഥയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top