Chiking
Latest News

പഞ്ച്കുള കലാപം: പ്രതികളായ 53 പേര്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Web Desk
Indian Telegram Android App Indian Telegram IOS App

പഞ്ച്കുള: ഹരിയാനയിലെ പഞ്ച്കുള കലാപത്തില്‍ പ്രതികളായ 53 ദേര സച്ചാ സൗദ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് പഞ്ച്കുള കോടതി. കുറ്റം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായും കോടതി കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരായ സിസിടിവി ദൃശ്യങ്ങള്‍ പോലും പൊലീസുദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് നടപടി.

ദേര സച്ചാ സൗദയുടെ മുഖ്യനേതാവ് ചംകൗര്‍ സിങ്, മാധ്യമ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സുരീന്ദര്‍ ധിമാന്‍ ഇന്‍സാന്‍ എന്നിവരടക്കം കേസില്‍ പ്രതികളാണ്. കോടതി നടപടിയോടെ ഇന്ത്യന്‍ പീനല്‍ കോഡ് 307, 121, 121 എ വകുപ്പുകളില്‍പെടുന്ന കുറ്റങ്ങള്‍ ഒഴിവാക്കും. കേസില്‍ പിടിയിലായ 53 പേരുടെ വിചാരണ നടക്കുന്നത് പഞ്ച്കുള ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ്.

കഴിഞ്ഞ ഓഗസ്റ്റ് 25ന് ദേര തലവന്‍ ഗുര്‍മീത് റാം റഹിമിന് തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഹരിയാനയില്‍ 36 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മാനഭംഗക്കേസില്‍ സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മീത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കലാപത്തില്‍ ഹരിയാനയ്ക്ക് 126 കോടി രൂപയുടെ നഷ്ടമുണ്ടായതായി നേരത്തെ കണക്കാക്കിയിരുന്നു. അക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ രവീന്ദര്‍ സിങ് ധുല്‍ സമര്‍പ്പിച്ച ഹര്‍ജി പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

Top