Chiking
Latest News

ന്യൂനമർദം ശക്തിപ്പെട്ടു; കേരളതീരത്ത് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദ്ദേശം

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം. തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വരെയാകും. തിരകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും തിരുവനന്തപുരത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പുറംകടലിൽ പോയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാൻ കോസ്റ്റ്ഗാർഡ് ആറു കപ്പലുകളും നാലു വിമാനങ്ങളും വിന്യസിച്ചു. കോഴിക്കോട്ടു നിന്നു കടലിൽ പോയ ബോട്ടുകളെല്ലാം തിരികെയെത്തി. ബേപ്പൂർ–ലക്ഷദ്വീപ് കപ്പൽ സർവീസ് താത്കാലികമായി നിർത്തിവച്ചു. അടിയന്തര ഘട്ടങ്ങൾ നേരിടാൻ പൊലീസ് സജ്ജമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായസൂചന ഉയര്‍ത്തി. മല്‍സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പുനല്‍കി. തീരദേശ ജില്ലകളിലെ കലക്ട്രേറ്റുകള്‍ ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ  നിര്‍ദേശം.പുനരധിവാസ കേന്ദ്രങ്ങള്‍ തയാറാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. അടിയന്തര ഘട്ടം നേരിടാൻ തയാറാകണമെന്ന് വൈദ്യുതി ബോർഡിനും നിർദേശമുണ്ട്.

തുറമുഖങ്ങളെ ബാധിക്കും വിധം ന്യൂനമർദം ശക്തി പ്രാപിക്കുമ്പോഴാണ് മൂന്നാം നമ്പർ അപായ സൂചന നൽകാറുള്ളത്. ഈ സാഹചര്യത്തിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40–50 കിലോമീറ്റർ ആയിരിക്കും. തുറമുഖത്ത് അതിശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം 60–90 കിലോമീറ്ററിലേക്കുയർന്നാൽ രണ്ടാം നമ്പർ അപായ സൂചന നൽകും, തുറമുഖം വിടുന്ന കപ്പലുകൾക്കും മറ്റു മത്സ്യബന്ധന യാനങ്ങൾക്കും അപകടമുണ്ടാക്കുന്നതായിരിക്കും അന്നേരത്തെ കാറ്റ്.

കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ അറിയിച്ചു. ന്യൂനമർദപാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റർ അകലെ മാത്രമാണ്. തെക്കു–പടിഞ്ഞാറൻ മേഖലയിലാണു തീവ്രന്യൂനമർദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയാറാക്കി വയ്ക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കയ്യില്‍ സൂക്ഷിക്കാനും ജില്ലാ കലക്ടർമാർക്കു സർക്കാർ നിർദേശം നൽകി. കെഎസ്ഇബിയുടെ കാര്യാലയങ്ങള്‍ അടിയന്തിരഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിൽ ഒരുക്കുക, തീരദേശ താലൂക്ക് കൺട്രോൾ റൂമുകൾ 15 വരെ മുഴുവൻ സമയവും പ്രവർത്തിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

ന്യൂനമർദത്തിന്റെ ദിശ:

ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമർദം ശക്തി പ്രാപിച്ചു പടിഞ്ഞാറ്–വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മാലദ്വീപിനു സമീപമെത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തെക്കൻ കേരളത്തിൽ ഇന്നുംനാളെയും മഴയ്ക്കും കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും തിരമാലകൾ 3.2 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്കു പുറപ്പെടുവിച്ച അവലോകനത്തില്‍ കന്യാകുമാരിക്കു തെക്കു ശ്രീലങ്കയ്ക്കു തെക്കുപടിഞ്ഞാറ്‌ ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം, തീവ്ര ന്യുനമര്‍ദം ആയി എന്നാണ് സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്തിനു 390 കിലോമീറ്റർ തെക്ക്-തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിലനില്‍ക്കുന്ന ന്യൂനമർദം, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദം ആകുകയും ചെയ്യുമെന്നാണു നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്‍റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയും, തിരമാല സാധാരണയില്‍നിന്നു 2.5– 3.8 മീറ്റർ വരെയും ഉയരും. തെക്കന്‍ കേരളത്തില്‍ ഈ മാസം 15 വരെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.

Top