Chiking
Latest News

ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ലക്ഷദ്വീപില്‍ അഭയം തേടി കേരളത്തിലെ മത്സ്യബന്ധന ബോട്ടുകള്‍

Web Desk
Indian Telegram Android App Indian Telegram IOS App


കൊച്ചി: ചുഴലിക്കാറ്റ് സാധ്യതാ മുന്നറിയിപ്പിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള 41 മല്‍സ്യബന്ധന ബോട്ടുകള്‍ ലക്ഷദ്വീപില്‍ അഭയം തേടി. കല്‍പേനി ദ്വീപില്‍ 36 ബോട്ടുകളും 382 തൊഴിലാളികളുമാണെത്തിയത്. ബിത്രയില്‍ അഞ്ചു ബോട്ടുകള്‍ എത്തി. കൊച്ചിയില്‍നിന്നും കൊല്ലത്തുനിന്നും മല്‍സ്യബന്ധനത്തിനു പുറപ്പെട്ടവരാണു ബോട്ടിലുള്ളതെന്നു ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.

അതേസമയം ന്യൂനമര്‍ദത്തെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കേരളത്തെ നേരിട്ടു ബാധിക്കാനിടയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതു സംബന്ധിച്ച സൂചന കേന്ദ്രത്തില്‍ നിന്നു ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമര്‍ദം ശക്തി പ്രാപിച്ചു പടിഞ്ഞാറ്‌വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു മാലദ്വീപിനു സമീപമെത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തില്‍ ഇന്നുംനാളെയും മഴയ്ക്കും കടലില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും തിരമാലകള്‍ 3.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്കു പുറപ്പെടുവിച്ച അവലോകനത്തില്‍ കന്യാകുമാരിക്കു തെക്കു ശ്രീലങ്കയ്ക്കു തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം, തീവ്ര ന്യുനമര്‍ദം ആയി എന്നാണ് സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്തിനു 390 കിലോമീറ്റര്‍ തെക്ക്-തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദം, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദം ആകുകയും ചെയ്യുമെന്നാണു നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും, തിരമാല സാധാരണയില്‍നിന്നു 2.5 3.8 മീറ്റര്‍ വരെയും ഉയരും. തെക്കന്‍ കേരളത്തില്‍ ഈ മാസം 15 വരെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.

Top