Chiking
Latest News

ഹ്രസ്വകാല ജാമ്യച്ചീട്ട് നല്‍കുന്നത് ആര്‍ബിഐ നിര്‍ത്തലാക്കി; നടപടി പിഎന്‍ബി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി: ഇറക്കുമതി ആവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കുകള്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (ഹ്രസ്വകാല ജാമ്യച്ചീട്ട്) നല്‍കുന്ന രീതി ആര്‍ ബി ഐ നിര്‍ത്തലാക്കി. 11,400 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ആര്‍ ബി ഐയുടെ നടപടി. ഹ്രസ്വകാല വന്‍കിട വായ്പകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖലാബാങ്കുകള്‍ ഇനി മുതല്‍ ജാമ്യം നില്‍ക്കില്ല. ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിങ് (എല്‍ഒയു), ലെറ്റേഴ്‌സ് ഓഫ് കംഫര്‍ട്(എല്‍ഒസി) എന്നിവ റിസര്‍വ് ബാങ്ക് നിര്‍ത്തലാക്കി.

പി എന്‍ ബി നല്‍കിയ എല്‍ ഒ യു ഉപയോഗിച്ചാണ് ഇന്ത്യന്‍ ബാങ്കുകളുടെ വിദേശത്തുള്ള ശാഖയില്‍നിന്ന് നീരവ് മോദിയും മെഹുല്‍ ചോക്സിയും പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയത്. ശേഷം ഇവര്‍ നാടുവിടുകയും ചെയ്തതോടെ തുകയുടെ മുഴുവന്‍ ബാധ്യതയും പി എന്‍ ബിയുടെ മേല്‍ വരികയായിരുന്നു.ഇതേ തുടര്‍ന്നാണ് എല്‍ ഒ യു നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചത്. നയം ഉടന്‍തന്നെ നിലവില്‍ കൊണ്ടുവരുമെന്ന് ആര്‍ ബി ഐ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഒരു ബാങ്ക്, തന്റെ ഉപഭോക്താവിന്റെ ഇറക്കുമതി ആവശ്യത്തിനു വേണ്ടി മറ്റൊരു ഇന്ത്യന്‍ ബാങ്കിന്റെ വിദേശത്തുള്ള ശാഖയില്‍നിന്ന് ഹ്രസ്വകാല ആവശ്യത്തിന്(ഇറക്കുമതി)പണം സമാഹരിക്കാന്‍ ജാമ്യം നില്‍ക്കുകയാണ് എല്‍ ഒ യുവിലൂടെ ചെയ്യുന്നത്.

എല്‍ ഒ യുവിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന പണം വിദേശ കറന്‍സിയായിരിക്കും. ഇത് ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാടുകാരുമായി വിനിമയം നടത്തുകയുമാകാം.

Top