Chiking
Latest News

യുപി ഉപതെരഞ്ഞെടുപ്പ് ഫലം യോഗി സര്‍ക്കാരിന്റെ ജനപ്രീതി അളക്കുന്ന മാനദണ്ഡമല്ലെന്ന് അമിത് ഷാ

Web Desk
Indian Telegram Android App Indian Telegram IOS App


ന്യൂഡല്‍ഹി: യുപി ഉപതിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ന്യായീകരിച്ച് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ ജനപ്രീതി അളക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ച വയ്ക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും അമിത് ഷാ പറഞ്ഞു. ഗോരഖ്പുര്‍, ഫല്‍പുല്‍ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിന് ശേഷം ആദ്യമായാണ് അമിത് ഷാ പരസ്യ പ്രതികരണത്തിന് തയാറാവുന്നത്.

ഉപതിരഞ്ഞെടുപ്പ് ഫലത്തെ വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്നും അമിത് ഷാ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിജെപിയുടെ പരാജയത്തിന് പിന്നില്‍ പല ഘടകങ്ങളുണ്ട്. വോട്ടിങ് ശതമാനം താഴ്ന്നതും എസ്പി-ബിഎസ്പി സഖ്യവുമാണ് ഇതില്‍ പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്പി-ബിഎസ്പി സഖ്യമുണ്ടാക്കിയതോടെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വോട്ട് വിഹിതം 50 ശതമാനത്തിന് മുകളില്‍ എത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

സംസ്ഥാനത്ത് വളരെ നല്ല ഭരണമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത്. ഏറ്റവും നല്ല ബിജെപി സര്‍ക്കാരാണ് ഉത്തര്‍പ്രദേശിലേത്. അതുകൊണ്ടു തന്നെ ഈ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലല്ല. ഈ തിരഞ്ഞെടുപ്പ് ഫലം ഏറ്റവുമധികം ആഘോഷിക്കുന്നത് കോണ്‍ഗ്രസുകാരാണെന്നും എന്നാല്‍, അവരുടെ സ്ഥാനാര്‍ഥിക്ക് ഇവിടെ കെട്ടിവെച്ച കാശ് വരെ നഷ്ടപ്പെട്ടെന്നും അമിത് ഷാ പരിഹസിച്ചു.

Top