Chiking
Latest News

സച്ചിന് വിക്കറ്റ് തയ്യാറാക്കാന്‍ അറിയില്ലെന്ന് കെസിഎ

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തുന്നതിനെ എതിര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ തള്ളി കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത്. സച്ചിന് വിക്കറ്റ് തയ്യാറാക്കാന്‍ അറിയില്ലെന്ന് കെസിഎ സെക്രട്ടറി ജയേഷ് പറഞ്ഞു. കേരളാ ബ്‌ളാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ ഉടമസ്ഥനായത് കൊണ്ടാണ് കൊച്ചിയില്‍ മത്സരം നടത്തുന്നതിനെ സച്ചിന്‍ എതിര്‍ക്കുന്നതെന്നും ജയേഷ് മാധ്യങ്ങളോട് പറഞ്ഞു.

ക്രിക്കറ്റ് മത്സരത്തിനായി സ്റ്റേഡിയം ഒരുക്കുമ്പോള്‍ ഫുട്‌ബോള്‍ ടര്‍ഫ് ഇല്ലാതാകുമെന്ന വാദം ഫുട്‌ബോളിനും ബാധകമാണ്. കൊച്ചിയിലെ സ്റ്റേഡിയം വളരെ വലുതാണ്. ക്രിക്കറ്റ് മത്സരം കൂടി കണക്കിലെടുത്താണ് സ്റ്റേഡിയം ഇത്രയും വലുതായി നിര്‍മിച്ചത്. ക്രിക്കറ്റ് നടക്കുന്നതോടൊപ്പം ഫുട്‌ബോളും നടക്കണമെന്ന് തന്നെയാണ് കെ.സി.എ ആഗ്രഹിക്കുന്നത്. ഇന്ത്യ വിന്‍ഡീസ് മത്സരം തിരുവനന്തപുരത്ത് നടത്താനുള്ള തീരുമാനം താല്‍ക്കാലികമാണ്. കൊച്ചിയില്‍ ഇനിയും മത്സരങ്ങള്‍ നടത്തും. ഇത് സംബന്ധിച്ച് ശശി തരൂര്‍ എം.പിയുടെ നിലപാടിനേയും ജയേഷ് തള്ളിക്കളഞ്ഞു.

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ കായികമന്ത്രി എ.സി.മൊയ്തീനുമായി കെസിഎ നടത്തിയ ചര്‍ച്ചയില്‍ ഇന്ന് തീരുമാനമായിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജയേഷ് സച്ചിനെതിരെ സംസാരിച്ചത്.  കൊച്ചിയില്‍ കെസിഎ മത്സരം നടത്താന്‍ താല്‍പര്യപെട്ടിരുന്നെങ്കിലും കോടികള്‍ മുടക്കി സര്‍ക്കാര്‍ അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി നിര്‍മ്മിച്ച ഫുട്ബോള്‍ ടര്‍ഫ് പൊളിക്കാന്‍ സമ്മതിക്കില്ലെന്ന കായിക മന്ത്രി എ.സി മൊയ്ദീന്റെ നിലപാടാണ് നിര്‍ണ്ണായകമായത്.

കൊച്ചി സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ടര്‍ഫ് അത് പോലെ നിലനിര്‍ത്തണമെന്നും തിരുവനന്തപുരത്തെ അത്യാധുനിക സ്റ്റേഡിയമുള്ളപ്പോള്‍ കൊടികള്‍ മുടക്കി ലോകകപ്പിനായി നിര്‍മ്മിച്ച ടര്‍ഫ് പൊളിക്കരുതെന്ന് ഫുട്ബോള്‍ താരങ്ങളായ സികെ വിനീത്, റിനോ ആന്റോ, ഇയാന്‍ ഹ്യൂം, സുനില്‍ ഛേത്രി എന്നിവര്‍ അഭിപ്രായപ്പെട്ടിരുന്നു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ഐഎം വിജയന്‍ ഉള്‍പ്പടെ ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു.

കൊച്ചിയില്‍ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് സ്റ്റേഡിയം ഉടമകളായ ജിസിഡിഎ കെസിഎ , കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എന്നിവരുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് വേദി സംബന്ധിച്ച് തീരുമാനമായത്. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി സ്റ്റേഡിയം.

Top