Chiking
Latest News

മോഹന്‍ലാലിന്റെ റിലീസില്‍ മാറ്റമില്ല; കലവൂര്‍ രവികുമാറുമായുള്ള തര്‍ക്കം ഒത്തുതീര്‍ന്നു

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ മോഹന്‍ലാല്‍’ ചിത്രത്തിന്റെ റിലീസില്‍ മാറ്റമില്ല. സിനിമയ്ക്ക് തൃശ്ശൂര്‍ ജില്ലാകോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീങ്ങി. കലവൂര്‍ രവികുമാറിന് അണിയറക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയതോടെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്.

സാജിദ് യഹിയ സംവിധാനം ചെയ്ത ‘മോഹന്‍ലാലി’ന്റെ കഥ തന്റെ ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ്’ എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണെന്ന് കാണിച്ചാണ് കലവൂര്‍ രവികുമാര്‍ കോടതിയെ സമീപിച്ചത്. കേസില്‍ തൃശൂര്‍ അതിവേഗ കോടതി ഇരുഭാഗങ്ങളുടെയും വാദം കേള്‍ക്കുകയും തിരക്കഥ വായിക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന്, അന്തിമവിധി വരുംവരെ ചിത്രത്തിന്റെ റിലീസ് കോടതി തടയുകയായിരുന്നു. റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഇന്നലെയാണ് കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്തത്.

കഥ മോഷ്ടിച്ചതിന്റെ പേരില്‍ കലവൂരും ചിത്രത്തിന്റെ സംവിധാകനും വാക് വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. മോഹന്‍ലാല്‍ ആരുടെയും സ്വത്തല്ല എന്നാണ് സംവിധായകന്‍ കലവൂരിന്റെ ആരോപണത്തിന് മറുപടി നല്‍കിയത്.

കലവൂര്‍ രവികുമാര്‍ പറഞ്ഞത് ഇങ്ങനെ:

‘ഞാന്‍ എഴുതിയ കഥാസമാഹാരത്തിന്റെ രണ്ട് എഡിഷന്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത് മോഹന്‍ലാലടക്കം വായിച്ചതാണ്. മോഹന്‍ലാല്‍ ആരാധികയായ ഭാര്യ കാരണം ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും പ്രശ്‌നങ്ങളുമൊക്കെയാണ് എന്റെ കഥയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പുതന്നെ ഞാന്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ‘മോഹന്‍ലാല്‍’ എന്റെ കഥയുടെ പകര്‍പ്പാണെന്ന് ഫെഫ്ക കണ്ടെത്തുകയും എനിക്ക് പ്രതിഫലം നല്‍കണമെന്നും കഥയുടെ അവകാശം നല്‍കണമെന്നും വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം അവഗണിച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുപോയി.

ഇപ്പോള്‍ അവര്‍ ഒത്തുതീര്‍പ്പിന് വരികയാണ്. എനിക്ക് നന്ദി എഴുതി കാണിക്കാം എന്നാണ് അവര്‍ പറയുന്നത്. അതിലെന്ത് കാര്യം? ഒരാളുടെ കഥ മോഷ്ടിച്ചിട്ട് നന്ദി പറഞ്ഞിട്ട് എന്താണ് ഫലം. സ്വന്തം കഥ മറ്റൊരാളുടെ പേരില്‍ വരുന്നതിനേക്കാള്‍ വലിയ ദുഖം എന്താണ്? അത്തരം ഒരു അവസ്ഥ ഒരു എഴുത്തുകാരനും സഹിക്കാന്‍ കഴിയില്ല. എനിക്ക് ആരുടെയും നന്ദി വേണ്ട. എഴുത്തുകൊണ്ട് ജീവിക്കുന്നവരുടെ കുടുംബത്തിന്റെ അവസ്ഥ എന്താകുമെന്ന് ഇവരാരും ചിന്തിക്കുന്നില്ല. മാന്യമായ പ്രതിഫലം നല്‍കാന്‍ മടിക്കുന്നതെന്തിന്?

ഇതിന് ചിത്രത്തിന്റെ സംവിധായകന്‍ നല്‍കിയ മറുപടി ഇങ്ങനെ:

കലവൂര്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമയുടെ അവകാശവാദവും പറഞ്ഞ് കേസ് കൊടുക്കുന്നത്. മുന്‍പ് രക്ഷാധികാരി ബൈജുവിനെതിരെയും ദിലീപേട്ടന്‍ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിനെതിരെയും കേസ് കൊടുത്തു. ഇപ്പോള്‍ ഞങ്ങള്‍ക്കെതിരായും. ഇത് വളരെ മോശമാണ്.

‘ഫെഫ്കയില്‍ നിന്ന് വിളിച്ചപ്പോള്‍ എന്നോട് പറഞ്ഞത്, കഥ മോഷ്ടിച്ചെന്നല്ല മോഹന്‍ലാല്‍ എന്ന വാക്ക് ചെറുകഥയില്‍ ഉളളതുകാരണം അത് സിനിമയാക്കാന്‍ സാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത് എന്നായിരുന്നു. മോഹന്‍ലാല്‍ ആരുടെയും സ്വകാര്യ സ്വത്തല്ലല്ലോ, പിന്നെ എന്ത് അര്‍ത്ഥത്തിലാണ് പകര്‍പ്പവകാശലംഘനം വരുന്നത്.

Top