Chiking
Latest News

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; മികച്ച നടിക്കുള്ള പുരസ്‌കാരം അന്തരിച്ച നടി ശ്രീദേവിക്കെന്ന് സൂചന; മികച്ച സഹനടനാകാന്‍ ഒരുങ്ങി ഫഹദ്

Web Desk
Indian Telegram Android App Indian Telegram IOS App

അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനം ഇന്ന്. സംവിധായകന്‍ ശേഖര്‍ കപൂര്‍ അടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. മികച്ച സഹനടനുള്ള പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസില്‍ നേടുമെന്നാണ് സൂചന. മികച്ച നടി അന്തരിച്ച നടി ശ്രീദേവിയാണെന്നും സൂചനയുണ്ട്.

ജയരാജ് മികച്ച സംവിധായകനെന്നും ജനപ്രിയ ചിത്രം ബാഹുബലിയാണെന്നും  റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലയാളത്തില്‍ നിന്ന് പതിനഞ്ച് ചിത്രങ്ങളാണ് അറുപത്തിയഞ്ചാമത് ദേശീയ ചലചിത്രപുരസ്കാരത്തിനായുള്ള അന്തിമപട്ടികയിലിടം നേടിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഭയാനകം, ഈ.മ.യൗ, ആളൊരുക്കം, ഒറ്റമുറിവെളിച്ചം, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങള്‍ അന്തിമ പട്ടികയിലിടം പിടിച്ചു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ ഫഹദ് ഫാസിലിന്‍റെ അഭിനയമികവ് ദേശീയപുരസ്കാര ജൂറിയെ സ്വാധീനിച്ചതായാണ്  സൂചന. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ജയരാജ് ഒരുക്കിയ ഭയാനകം, ദിലീഷ് പോത്തന്‍ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ അസാധാരണ മികവുപുലര്‍ത്തിയെന്ന വിലയിരുത്തലുണ്ടായെന്നും സൂചനയുണ്ട്.

പതിനൊന്നംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഗാനരചയിതാവ് മെഹ്ബൂബ്, നടി ഗൗതമി, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി, സംവിധായകന്‍ രാഹുല്‍ റവെയ്ല്‍ എന്നിവരാണ് അഞ്ച് റീജണല്‍ പാനലുകളുടെ അധ്യക്ഷര്‍. പതിനൊന്നരയ്ക്ക് ഡല്‍ഹി ശാസ്ത്രിഭവനില്‍ വച്ചാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

തമിഴില്‍നിന്ന് അരുവി, ആറം, തരമണി തുടങ്ങിയ ചിത്രങ്ങളും മത്സരിക്കുന്നു. ഹിന്ദിചിത്രങ്ങള്‍ കടുത്ത മത്സരമുയര്‍ത്തുന്നുണ്ട്. അന്തരിച്ച ശ്രീദേവി അവസാനമഭിനയിച്ച മാം, ആമിര്‍ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ന്യൂട്ടന്‍, ഹിന്ദി മീഡിയം, അമിതാഭ് ബച്ചന്‍ തിളങ്ങിയ സര്‍ക്കാര്‍ 3, വിവാദ ചിത്രം ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, മധുര്‍ ഭണ്ഡാര്‍കറുടെ ഇന്ദു സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ പ്രതീക്ഷയിലാണ്.

ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരത്തിന് ബാഹുബലി 2 കണ്‍ക്ലൂഷന്‍, സര്‍ക്കാര്‍ 3 എന്നീ ചിത്രങ്ങള്‍ തമ്മിലാണ് മത്സരം.

Top