ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൗനം പാലിച്ച് പൊലീസ് കംപ്ലയിന്റ് അതോറിറ്റി
Web Desk
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മൗനം പാലിച്ച് പൊലീസ് കംപ്ലയിന്റ് അതോറിറ്റി. പരാതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ നടപടി എടുക്കാനാവില്ലെന്നും പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്മാന് പറഞ്ഞു. സ്വമേധയാ കേസെടുക്കാന്‍ അധികാരമുള്ളപ്പോഴാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നിസംഗത.
വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്. പറവൂര്‍ സിഐ ക്രിസ്പിന് സാം, വരാപ്പുഴ എസ്ഐ ദീപക് അടക്കമുള്ള പൊലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കസ്റ്റഡി മരണ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസ് വ്യാജ രേഖ ഉണ്ടാക്കി എന്നതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു. കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ പോലീസ് ആശുപത്രിയിലെത്തിച്ചത് എട്ടാം തിയ്യതി പുലര്‍ച്ചെയാണ്. കാര്യങ്ങള്‍ കൈവിടുമെന്ന് തോന്നിയ പശ്ചാത്തലത്തിലാണ് പോലീസ് പിന്നീട് തിടുക്കത്തിലുള്ള ചില നീക്കങ്ങള്‍ നടത്തിയത്. ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചതിന്റെ ശേഷമാണ് പരാതിക്കാരന്റെ വീട്ടില്‍ വീണ്ടും എത്തുന്നതും മൊഴിയെടുക്കുന്നതും. എന്നാല്‍ പോലീസ് രേഖകളില്‍ മൊഴിയെടുത്തത് ഏഴാം തിയ്യതിയാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകനും അയല്‍ക്കാരനും നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണൈന്നായിരുന്നു പോലീസ് വാദം. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ ശേഷമാണ് പരാതിക്കാരനില്‍ നിന്ന് മൊഴിയെടുത്തതെന്നാണ് പിന്നീട് പുറത്ത് വന്ന വിവിരങ്ങള്‍.