Chiking
Latest News

കത്വ കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ്; ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്‌; മാതാപിതാക്കള്‍ക്കും അഭിഭാഷകയ്ക്കും സംരക്ഷണം ഉറപ്പാക്കണം

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: കത്വ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ജമ്മുപൊലീസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും ആവശ്യം. കേസില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. കത്വ കേസ് പരിഗണിക്കുന്നത് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് നോട്ടീസ്. ഈ മാസം 27നകം രേഖാമൂലം മറുപടി നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കണമെന്നും ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി 27ന് വീണ്ടും പരിഗണിക്കും.

കത്വ കേസ് പരിഗണിക്കുന്നത് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ പിതാവ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ചണ്ഡിഗഢിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യം. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. തനിക്കും കുടുംബാംഗങ്ങള്‍ക്കും കേസില്‍ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിന്നു

കത്വ കേസില്‍ വിചാരണ തുടങ്ങുന്നത് ഈ മാസം 28ലേക്കു മാറ്റിയിരുന്നു. കേസ് പരിഗണിക്കുന്നത് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്നത്.

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കെര്‍വാള്‍ സമൂഹത്തില്‍ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറാണ് മുഖ്യ ആസൂത്രകന്‍. സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വെര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, ഒരു പ്രായപൂര്‍ത്തിയാകാത്തയാള്‍ തുടങ്ങിയവരാണ് പ്രതികള്‍. എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്.

ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി.

ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ പിന്നീട് ക്രൈംബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്ത ദീപക് ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍‌സ്റ്റേഷനിലെ പ്രത്യേക പോലീസ് സംഘം തന്നെയാണ് പെണ്‍കുട്ടിയെ അന്വേഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Top