Chiking
Latest News

വ്യാജ ഹര്‍ത്താല്‍: കത്വ സംഭവത്തിന്റെ മറവില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കോടിയേരി; സങ്കുചിത സമര രീതിയല്ല വേണ്ടത്

Web Desk
Indian Telegram Android App Indian Telegram IOS App


തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ പേരില്‍ നടന്ന ഹര്‍ത്താലിനെതിരെ കൊടിയേരി ബാലകൃഷ്ണന്‍. ഏതു സംഘടനയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ആളും പേരും ഇല്ലാത്ത സമരത്തിലേക്ക് പോകുന്നത് അരാജകത്വം ഉണ്ടാകും. അരാജക സമരത്തിന്റെ ഭാഗമാകാന്‍ പാടില്ലെന്നും കത്വ സംഭവത്തിന്റെ മറവില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടക്കുന്നുതായും ഹര്‍ത്താല്‍ കത്വ പ്രതിഷേധത്തെ ശിഥിലമാക്കുമെന്നും കൊടിയേരി പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുട്ടായ്മ എന്നപേരില്‍ ആഹ്വാനം ചെയ്തു അരാജക കുട്ടായ്മ സംഘടിപ്പിക്കുന്നെന്ന് കൊടിയേരി ആരോപിച്ചു. ഇത്തരം പ്രചാരണത്തില്‍ പെട്ടു പോകാതിരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ജാഗ്രത ഉള്ളവരാകണമെന്നും സങ്കുചിത സമര രീതിയല്ല വേണ്ടതെന്നും മുന്നറിയിപ്പില്ലാതെ സമരം ശരിയല്ലെന്നും കോടിയേരി പറഞ്ഞു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുള്ള പെണ്‍കുഞ്ഞിനെ മൃഗീയമായി ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ലോകമാകെ ഏക മനസോടെ പ്രതിഷേധിക്കുമ്പോള്‍, ചില സങ്കുചിത താല്‍പ്പര്യക്കാര്‍ അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ പല ഭാഗങ്ങളിലും ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയാണ്. ചില തീവ്രവാദ സംഘടനകള്‍ ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

ഹര്‍ത്താലിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് പ്രചരിപ്പിച്ച് ആള്‍ക്കാരെ കൂട്ടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ കുടുങ്ങിപ്പോകരുത്.

കത്വ സംഭവത്തില്‍ മതനിരപേക്ഷ, ജനാധിപത്യ മനസുകളെല്ലാം ജാതി, മത ഭേദമന്യേ പെണ്‍കുട്ടിയുടെ കൂടെയാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സിപിഐ എം നേതൃത്വത്തില്‍ സമാധാനപരമായ രീതിയില്‍ നിരവധി പ്രതിഷേധ പരിപാടികള്‍ രാജ്യമാകെ സംഘടിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഒരു പ്രതിഷേധ ഹര്‍ത്താല്‍ ആവശ്യമെങ്കില്‍ മറ്റ് എല്ലാവരോടും ചര്‍ച്ച ചെയ്ത് തീരുമാനിച്ച് സംഘടിത പ്രക്ഷോഭമാക്കി മാറ്റുകയാണ് വേണ്ടത്. അതിന് പകരം വിഭാഗീയമായ ലക്ഷ്യത്തോടെ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നത് നിക്ഷിപ്ത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്.

കഴിഞ്ഞ ജനുവരിയിലാണ് കേവലം എട്ട് വയസ് മാത്രം പ്രായമുള്ള ആസിഫയെ കാണാതാവുന്നത്. ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടിയുടെ കൊലപാതകത്തിന്മേല്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. സിപിഐ എം ജമ്മു റീജണല്‍ വിഭാഗം ആണ് കേസിന്മേല്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെടുന്നത്. ഇതിന്മേല്‍ പ്രാദേശിക പ്രതിഷേധങ്ങളും അന്ന് പാര്‍ടി സംഘടിപ്പിച്ചു. ജനുവരി 19ന് നിയമസഭ കൂടിയപ്പോള്‍ തന്നെ പാര്‍ടി കേന്ദ്രകമ്മറ്റിയംഗവും കുല്‍ഗാം എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമി പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചതോടെ മറ്റംഗങ്ങളും വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

കേസ് അന്വേഷണം ഫലപ്രദമല്ലാതിരുന്നതിനാലും ബിജെപി മന്ത്രിമാരടക്കമുള്ളവര്‍ പ്രതികള്‍ക്കനുകൂലമായി അണിനിരന്നതിനാലും സിപിഐ എംന്റെ നേതൃത്വത്തിലുള്ള ഓള്‍ ട്രൈബല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 7 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം സംഘടിപ്പിച്ചു. പാര്‍ടിയുടെ ജമ്മു കാശ്മീര്‍ സംസ്ഥാന കമ്മറ്റിയംഗം ശ്യാമപ്രസാദ് കേസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സമരപരിപാടിയുടെ ഭാഗമായിരുന്നു.

ഫെബ്രുവരി 9ന് മുഹമ്മദ് യൂസഫ് തരിഗാമി വീണ്ടും ആസിഫ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും അന്ന് വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസ് നല്‍കുകയും ത്വരിതാന്വേഷണം വേണമെന്നാവശ്യപ്പെടുകയുമുണ്ടായി. പ്രത്യേക സംഘം അന്വേഷിച്ചുകൊണ്ടിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് തരിഗാമി വിഷയത്തിന്റെ പ്രാധാന്യം നിയമസഭയില്‍ അവതരിപ്പിച്ചതിനാലാണെന്ന് ജമ്മു കാശ്മീര്‍ ആഭ്യന്തര മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. ഈ അന്വേഷണത്തിന്റെ ഭാഗമായുണ്ടായ കുറ്റപത്രത്തിലൂടെ ഭീകരമായ കുറ്റകൃത്യത്തിന്റെ മൃഗീയത അനാവരണം ചെയ്യപ്പെട്ടു.

ഫെബ്രുവരി 22ന് സിപിഐ എം സംഘം ആസിഫയുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച് കേസന്വേഷണത്തിലുള്‍പ്പെടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ആസിഫയുടെ നീതിക്കായി അണിനിരക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മാര്‍ച്ച് മൂന്നിന് സിപിഐ എം സംസ്ഥാനക്കമ്മിറ്റി വാര്‍ത്താ സമ്മേളനം വിളിച്ചു. കൊടുംകുറ്റകൃത്യത്തിന് വര്‍ഗീയനിറം പകരാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ കൂടിയായിരുന്നു ഈ നീക്കം. കത്വാ ബലാത്സംഗക്കേസ് പ്രതികളെ സംരക്ഷിക്കാനുള്ള രണ്ട് ബിജെപി മന്ത്രിമാരുടെ നീക്കത്തിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ അന്ന് സിപിഐ എം ആഹ്വാനം ചെയ്തു. ഹിന്ദു ഏകതാ മഞ്ചിനെതിരെയും സിപിഐ എം രംഗത്തുവന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലെ അന്വേഷണത്തെ ജങ്കിള്‍രാജെന്ന് വിളിച്ച ബിജെപി, സര്‍ക്കാരിന്റെ ഭാഗമല്ലേയെന്ന് അന്ന് ചോദിച്ചതും സിപിഐ എം ആയിരുന്നു.

കത്വാ സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പൊലീസിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ പാര്‍ട്ടി കശ്മീരില്‍ രംഗത്തെത്തി.

ആ സമയത്തൊക്കെ പ്രമുഖ മാധ്യമങ്ങളോ, ഇപ്പോള്‍ ഹര്‍ത്താലിന് പിറകിലുള്ള ക്ഷിദ്രശക്തികളോ ഈ സംഭവത്തിനെതിരെ നിലപാടെടുത്തില്ല. ഈ വസ്തുതകളൊക്കെ ജനങ്ങള്‍ മനസിലാക്കണം.

ഇപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ ഈ സംഭവത്തെ ഉപയോഗിക്കാന്‍ ആരെയും അനുവദിച്ചുകൂട. ഇത്തരം പ്രവണതകള്‍ക്കെതിരെ സിപിഐ എം പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം. ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കി, വര്‍ഗീയക്ഷിദ്ര ശക്തികളെ മാറ്റിനിര്‍ത്താന്‍ തയ്യാറാവണം.

Top