Chiking
Latest News

ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ഭീകരാക്രമണം: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു, ചാവേറുകളില്‍ മൂന്നു കുട്ടികളും(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


ജക്കാര്‍ത്ത: ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഇന്തൊനീഷ്യയിലെ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ നടന്ന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്‌റ്റേറ്റ്(ഐഎസ്) ഏറ്റെടുത്തു. ഇന്തൊനീഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിലാണു ഭീകരാക്രമണമുണ്ടായത്. മൂന്ന് ആക്രമണങ്ങളിലുമായി 11 പേര്‍ കൊല്ലപ്പെട്ടെന്ന് ഐഎസ് സന്ദേശത്തില്‍ അറിയിച്ചു. 41 പേര്‍ക്കു പരുക്കേറ്റതായും ഐഎസിന്റെ ‘അമാഖ്’ വാര്‍ത്താ ഏജന്‍സിയില്‍ നിന്നുള്ള സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ 13 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. നാല്‍പതോളം പേര്‍ക്കു പരുക്കേറ്റതായും പറയുന്നു. പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് ആക്രമണമുണ്ടായത്. 10 മിനിറ്റിനുള്ളിലായിരുന്നു മൂന്നു സ്ഥലങ്ങളിലെയും സ്‌ഫോടനം. ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ഇന്തൊനീഷ്യ ഭരണകൂടം വ്യക്തമാക്കി. ഒരു കുടുംബത്തിലെ ആറു പേരാണ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍. അടുത്തിടെ സിറിയയില്‍ നിന്നു മടങ്ങിയെത്തിയ അഞ്ഞൂറോളം ഇന്തൊനീഷ്യന്‍ കുടുംബങ്ങളില്‍ ഒന്നായിരുന്നു ഇതെന്നും ഇവര്‍ ഐഎസ് അനുഭാവികളായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പള്ളിയുടെ ഗേറ്റിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റിയത് ഗൃഹനാഥനാണെന്ന് ഈസ്റ്റ് ജാവ പൊലീസ് പറഞ്ഞു. രണ്ടാമത്തെ പള്ളിയില്‍ അമ്മയും രണ്ടു പെണ്‍മക്കളുമാണ് ചാവേറായെത്തിയത്. പെണ്‍കുട്ടികള്‍ക്ക് പന്ത്രണ്ടും ഒന്‍പതുമായിരുന്നു പ്രായം. മൂന്നാമത്തെ പള്ളിയിലേക്ക് ഇവരുടെ തന്നെ പതിനെട്ടും പതിനാറും വയസ്സുള്ള രണ്ട് ആണ്‍ കുട്ടികളും ആക്രമണത്തിനെത്തി. തുടയില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ച് ബൈക്കിലായിരുന്നു ഇവര്‍ രണ്ടുപേരും പള്ളിയിലേക്ക് എത്തിയത്.

ഐഎസ് അനുഭാവമുള്ള ഇന്തൊനീഷ്യയിലെ ജെഎഡി ഗ്രൂപ്പിനെയാണു സംഭവത്തില്‍ പൊലീസ് സംശയിക്കുന്നത്. യുഎസ് ഭീകരസംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജെഎഡി ഇന്തൊനീഷ്യയില്‍ നിന്ന് ഒട്ടേറെ പേരെ ഐഎസിലേക്കു റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണു പൊലീസ് കണ്ടെത്തല്‍. പള്ളികള്‍ക്കു ചുറ്റുമുള്ള പ്രദേശത്തു നിലവില്‍ കനത്ത സുരക്ഷയാണു സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യം ഇനിയും കൂടുമെന്നാണു റിപ്പോര്‍ട്ടുകള്‍.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top