Chiking
Latest News

യുഎസിന്റെ സമ്മര്‍ദ്ദമേറി; നയതന്ത്രജ്ഞന് യാത്രാനുമതി നല്‍കി പാക് സര്‍ക്കാര്‍

Web Desk
Indian Telegram Android App Indian Telegram IOS App


ഇസ്‌ലാമാബാദ്: ബൈക്ക് യാത്രക്കാരന്‍ റോഡപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ യുഎസിലേക്കു തിരിച്ചയച്ചു. ഉദ്യോഗസ്ഥനെ വിട്ടുകിട്ടുന്നതിനായി യുഎസ് ഉയര്‍ത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണു നടപടി. നിയമം അനുസരിച്ച് ഇയാളുടെ വിചാരണ യുഎസില്‍ നടത്താമെന്നാണു അറിയിച്ചിരുന്നത്.

ഏപ്രില്‍ ഏഴിനു നടന്ന അപകടത്തില്‍ യുഎസ് ഉദ്യോഗസ്ഥനായ കേണല്‍ ജോസഫ് ഹാള്‍ ഓടിച്ച കാര്‍ ഇടിച്ചാണ് ഇസ്‌ലാമാബാദില്‍ 22 കാരനായ ബൈക്ക് യാത്രികന്‍ മരിച്ചത്. വിയന്ന കണ്‍വെന്‍ഷനില്‍ കൈകൊണ്ട തീരുമാനപ്രകാരമാണു ഹാളിനെ ഇസ്!ലാമാബാദ് പൊലീസ് യുഎസിലേക്കു തിരികെവിട്ടത്. സംഭവത്തെ തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു.

തീവ്രവാദികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പാക്കിസ്ഥാനെതിരെ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയാണ് ഇസ്‌ലാമബാദില്‍ റോഡപകടത്തില്‍ യുഎസ് ഉദ്യോഗസ്ഥന്‍ പ്രതിയാകുന്നത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനു നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് ഇസ്‌ലാമാബാദിലെ ഒരു കോടതി വ്യക്തമാക്കിയിരുന്നു.

യുഎസിലെ പാക്ക് നയതന്ത്ര പ്രതിനിധികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനത്തിനു തിരിച്ചടിയായി, പാക്കിസ്ഥാനിലെ യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപകടം വരുത്തിവച്ച യുഎസ് നയതന്ത്ര പ്രതിനിധിക്ക് പാക്കിസ്ഥാന്‍ സ്വദേശത്തേക്ക് മടങ്ങാന്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ സമ്മര്‍ദ്ദമേറിയതോടെ ഉദ്യോഗസ്ഥനു തിരികെപോകാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കുകയായിരുന്നു.

ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാന്‍ വിട്ടെന്ന് ഇസ്‌ലാമാബാദിലെ യുഎസ് എംബസിയും അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പാക്കിസ്ഥാന്‍ യുഎസിനു കൈമാറിയതായി പാക്ക് മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മോചനത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കാണ് ഹാള്‍ പോയത്.

Top