Chiking
Latest News

എംഎല്‍എമാരുടെ അസാന്നിധ്യം; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വൈകുന്നു

Web Desk
Indian Telegram Android App Indian Telegram IOS App


ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് വിളിച്ച നിയമസഭാകക്ഷിയോഗം വൈകുന്നു. എംഎല്‍എമാരുടെ അസാന്നിധ്യമാണ് യോഗം വൈകാന്‍ കാരണമെന്നാണ് സൂചന. രാവിലെ എട്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്.

കെപിസിസി ആസ്ഥാനത്തെ യോഗത്തിലേക്ക് 45 എംഎല്‍എമാര്‍ മാത്രമാണ് ഇതുവരെ എത്തിയതെന്നാണ് വിവരം. വടക്കന്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്താത്തത്. ഇവര്‍ക്കായി പ്രത്യേക വിമാനം സജീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എട്ട് എംഎല്‍എമാര്‍ കെപിസിസി ആസ്ഥാനത്തേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കര്‍ണ്ണാടകയിലെ കുഷ്താഗി നിയമസഭ മണ്ഡലത്തില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി മന്ത്രിപദവി വാഗ്ദാനം ചെയ്തതായി ആരോപണം. കുഷ്താഗി മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമരേഗൗഡ ലിങ്കണഗൗഡ പാട്ടില്‍ ബയ്യാപ്പൂരാണ് തന്നെ ബിജെപി നേതാക്കള്‍ സമീപിച്ചതായും മന്ത്രിപദവി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായും മാധ്യമങ്ങളെ അറിയിച്ചത്.

എന്നാല്‍, താന്‍ ഇത് നിരസിച്ചതായും എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രി ആക്കുന്ന കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത രാഷ്ട്രീയ സാഹചര്യത്തില്‍ കുതിരക്കച്ചവടത്തിനുളള പലതരത്തിലുളള ശ്രമങ്ങളും നടന്നുവരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എംഎല്‍എ മാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശിവകുമാര്‍ പറഞ്ഞു.

Top