Chiking
Latest News

നെയ്മര്‍ അങ്ങനെ ചെയ്താല്‍ അത് കനത്ത തിരിച്ചടിയാവുക ബാഴ്‌സലോണയ്ക്കാകുമെന്ന് മെസ്സി

Web Desk
Indian Telegram Android App Indian Telegram IOS App

പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ചേക്കേറിയാല്‍ അത് കനത്ത തിരിച്ചടിയാവുക ബാഴ്‌സലോണയ്ക്കാകുമെന്ന് അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിയുടെ മുന്നറിയിപ്പ്. ലോകകപ്പിന് ശേഷം നെയ്മര്‍ പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മെസ്സി.

ബാഴ്‌സലോണയ്ക്ക് എല്ലാമായിരുന്ന നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയാല്‍ അത് ക്ലബ്ബിന് വലിയ ആഘാതമായിരിക്കുമെന്നാണ് ഒരു അര്‍ജന്റീന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മെസ്സി വ്യക്തമാക്കിയത്.ലാലീഗ കിരീടങ്ങളും ചാംപ്യന്‍സ് ലീഗും ബാഴ്‌സലോണ കുപ്പായത്തില്‍ നെയ്മര്‍ നേടിയിട്ടുണ്ട്. കൂടുമാറ്റം റയല്‍ മാഡ്രിഡിനെ കൂടുതല്‍ ശക്തരാക്കും. ഇക്കാര്യം ഞാന്‍ നെയ്മറുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ഗൗരവം മനസിലായിട്ടുണ്ടെന്നും മെസ്സി വ്യക്തമാക്കി.

ലോക റെക്കോഡ് തുകയ്ക്കാണ് കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണയില്‍ നിന്നും നെയ്മര്‍ പിഎസ്ജിയിലെത്തിയത്. തുടര്‍ന്ന് ഒരു സീസണ്‍ പൂര്‍ത്തിയാക്കിയ നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബില്‍ തൃപ്തനല്ലെന്നും സ്പാനിഷ് ലീഗിലേക്ക് തന്നെ തിരിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാഴ്‌സലോണയ്ക്കായി മൈതാനത്ത് മികച്ച കോമ്പിനേഷനില്‍ കളിച്ചിരുന്ന മെസ്സിയും നെയ്മറും കളിക്ക് പുറത്തും മികച്ച സൗഹൃദം സൂക്ഷിച്ചിരുന്നു. അടുത്ത മാസം നടക്കുന്ന ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഇരു താരങ്ങളും.

അതേസമയം, ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ തനിക്ക് മടുത്തുവെന്ന് കഴിഞ്ഞ ദിവസം നെയ്മര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ട്രന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ നിരസിക്കാന്‍ സൂപ്പര്‍ താരം തയാറായിരുന്നില്ല.

Top