Chiking
Latest News

യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ; ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം; നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്

Web Desk
Indian Telegram Android App Indian Telegram IOS App

ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതിനു സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്കു ഗവര്‍ണറുടെ ഔദ്യോഗിക ക്ഷണം ലഭിച്ചതിനു പിന്നാലെയാണു തീരുമാനം. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.എസ്.യെദിയൂരപ്പയ്ക്കാണു ഗവര്‍ണര്‍ കത്ത് നല്‍കിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തീയതിയും സമയവും അറിയിക്കാനും 15 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നു ഗവര്‍ണര്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു ഗവര്‍ണര്‍ നിയമോപദേശം തേടിയത്.

അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സര്‍ക്കാരുണ്ടാക്കാനുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഗവര്‍ണറുടെ ഓഫിസ് നീതിപൂര്‍വം പെരുമാറുമെന്നാണു കരുതുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ട് ഇക്കാര്യത്തില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും തിവാരി പറഞ്ഞു. ഗവര്‍ണറുടെ നടപടി ഭരണഘടനാലംഘനമാണെന്നും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനാണു ഭൂരിപക്ഷമെന്നും എച്ച്.ഡി.കുമാരസ്വാമിയെ ക്ഷണിക്കാതെ ഗവര്‍ണര്‍ക്കു മറ്റു വഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബംരം പറഞ്ഞു.

അതേസമയം, 104 സീറ്റുകള്‍ നേടിയ ബിജെപിക്ക് ബിജെപിക്ക് അധികാരം പിടിക്കാന്‍ ഇനി ഒമ്പത് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. അതുകൊണ്ടുതന്നെ ചരടുവലികള്‍ക്കും ചാക്കിട്ടുപിടുത്തത്തിനും കര്‍ണാടകം രാഷ്ട്രീയം സാക്ഷിയാകുമെന്നാണ് കരുതുന്നത്. ഇതു മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ മറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്. കൂടാതെ ബിഎസ്പി അംഗവും സഖ്യത്തെ പിന്തുണച്ചേക്കും. തിരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ടിടങ്ങളില്‍ ബിജെപി വിജയിച്ചാലും കേവല ഭൂരിപക്ഷത്തിലെത്തില്ല.

ബി.എസ്.യെദിയൂരപ്പയാണ് സര്‍ക്കാര്‍ രൂപീകരണം എന്ന ആവശ്യവുമായി ആദ്യം ഗവര്‍ണറെ കണ്ടത്. ഇതിന് മുമ്പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈശ്വരപ്പയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരത്തോടെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ ഒരു സംഘം ഗവര്‍ണറെ കാണുകയും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.

Top