Chiking
Latest News

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 16 പേര്‍ക്കെതിരേ കൊലക്കുറ്റം

Web Desk
Indian Telegram Android App Indian Telegram IOS App


അഗളി: അട്ടപ്പാടിയില്‍ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അഗളി ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യനാണ് മണ്ണാര്‍ക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 16 പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്.

33 സിസിടിവി ദൃശ്യങ്ങളും 8 മൊബൈല്‍ ഫോണുകളും തെളിവായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചു വാഹനങ്ങള്‍ തെളിവുകളും കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. 165 പേരുടെ മൊഴികള്‍ ഉള്‍പ്പെടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പട്ടികവര്‍ഗ പീഡന നിരോധന നിയമവും പ്രതികള്‍ക്കെതിരേ ചുമത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരില്‍ 22നാണ് മുക്കാലി കുടുകുമണ്ണ ഊരിലെ മല്ലിമല്ലന്‍ ദമ്പതികളുടെ മകന്‍ മധുവി(27)നെ ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം കാട്ടില്‍നിന്നു പിടികൂടി കെട്ടിയിട്ടു മര്‍ദിച്ചത്. തുടര്‍ന്ന് പോലീസ് ജീപ്പില്‍ കൊണ്ടുംപോകുംവഴി മധു മരിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലുകള്‍ക്കുമേറ്റ ക്ഷതവും മുറിവുമാണ് മധുവിന്റെ മരണത്തിനു കാരണമായതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അഗളി താവളം മേച്ചേരിയില്‍ ഹുസൈന്‍, മുക്കാലി സ്വദേശികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, സിദ്ദീഖ്, ഉബൈദ്, നജീബ്, ജെയ്ജു മോന്‍, അനീഷ്, അബൂബക്കര്‍, അബ്ദുള്‍ കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്തത്.

Top